ആംബുലൻസിൽ എത്തിയിട്ടും കർണ്ണാടക അതിർത്തി തുറക്കാൻ വിസമ്മതിച്ചു: ചികിത്സകിട്ടാതെ രോഗി മരിച്ചു

single-img
29 March 2020

അതിർത്തി തുറക്കാൻ കർണാടക വിസമ്മതിച്ചതിനെ തുടർന്ന് ചികിൽസ കിട്ടാതെ രോ​ഗി മരിച്ചതായി പരാതി. ബണ്ട്വാൾ സ്വദേശിയായ പാത്തുഞ്ഞിയാണ് മരണപ്പെട്ടത്.  75 വയസായിരുന്നു. കാസർകോടിൻ്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലുള്ള മകൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു പാത്തുഞ്ഞിയെ ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് തടയുകയായിരുന്നു. പൊലീസ് കടത്തിവിടാൻ വിസമ്മതിച്ചതോടെ ഇവർ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങി.

പിന്നീട് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിനെ തടഞ്ഞ കർണാടകയുടെ നടപടിയെ മന്ത്രി ഇ ചന്ദ്രശേഖരനും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും വിമർശിച്ചു. 

കൊറോണയുടെ പേരിൽ ജനങ്ങളുടെ ജീവനെടുക്കുന്ന നടപടി അം​ഗീകരിക്കാനാവില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.