കോൺഗ്രസ് നേതാവ് ഉസ്മാന് കൊറോണ പടർന്നത് പെരുമ്പാവൂരിൽ നിന്നും: വിവരങ്ങൾ ശേഖരിച്ചത് കോൾ ലിസ്റ്റിൽ നിന്നും

single-img
29 March 2020

ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനു കോവിഡ് 19  രോഗം പടർന്നത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നെന്നു സൂചന. വിദേശത്തു നിന്നെത്തിയവരുമായി ഉസ്മാന് ബന്ധമുണ്ടായിരുന്നോയെന്ന കാര്യത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഈ മാസം 8നു രാത്രി ഉസ്മാൻ പെരുമ്പാവൂരിൽ തങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 

സുഹൃത്തിനൊപ്പമാണു താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.ഈ മാസം നാലിന് ഇയാള്‍ മുഴുവൻ സമയവും കൊച്ചി കടവന്ത്രയിലായിരുന്നെന്നും വിവരം ലഭിച്ചു. ഉസ്മാന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു എങ്കിലും അതിൽ, ഈ മാസം 4ന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. 

മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണു വിവരങ്ങള്‍ ലഭ്യമായത്. തുടർന്ന് ഉസ്മാന്റെ സഞ്ചാരപഥം പുതുക്കി പ്രസിദ്ധീകരിച്ചു. ഇതിനിടെ രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവന്‍ ആളുകളോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 416 പേരെയാണു നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി. 

79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ 2 അധ്യാപികമാർക്കു പനി ബാധിച്ചതിനെ തുടർന്ന് ഇവരും നിരീക്ഷണത്തിലാണ്.