തീയിൽ വീണ മൂന്നു മാസം: കൊറോണ വൈറസ് ചെെനയെ കീഴടക്കിയ നാൾവഴികൾ ഇങ്ങനെ

single-img
29 March 2020

കൊറോണ വൈറസിൻ്റെ വ്യാപനം ഗുരുതരമായ പ്രത്യാഘ്യാതങ്ങളാണ് ലോകത്തു വരുത്തിയിരിക്കുന്നത്. ലോകരാജ്യങ്ങളുടെ പ്രവർത്തനങ്ങൾ  വരെ വെെസ് ബാധമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. മധ്യ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ഇതുവരെ കാൽ ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ആഗോളതലത്തിൽ 150 ലധികം രാജ്യങ്ങളെ പ്രതികൂലമായി വെെറസ് ബാധിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

വെെറസ് ആദ്യമായി ഉത്ഭവിച്ച ചെെനയിൽ, അവരുടെ തുടക്കത്തിലെ നിസഹകരണ മനോഭാവമാണ് വെെറസ് ബാധ ഇത്രത്തോളം രൂക്ഷമാക്കിയത്. വൈറസ് ബാധയെക്കുറിച്ച് ചൈന കൂടുതൽ സുതാര്യത പുലർത്തിയിരുന്നെങ്കിൽ ആഘാതം കുറയ്ക്കാൻ കഴിയുമെന്നു തന്നെയാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നതും. 

കോവിഡ് 19 സംബന്ധിച്ച ആദ്യ കേസ് കഴിഞ്ഞ വർഷം ഡിസംബറിൽ ഹുബെയുടെ വുഹാൻ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതുവരെ ഒരുലക്ഷത്തേളാം ആളുകളെ ഇത് ബാധിച്ചുവെന്നാണ് കണക്കുകൾ.   യൂറോപ്പ് ജനങ്ങളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ചെെനയിൽ നിന്നും യൂറോപ്പ് ഈ മാരകമായ വൈറസിൻ്റെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

അമേരിക്കൻ മാഗസിൻ ‘നാഷണൽ റിവ്യൂ’ കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് -19 പോരാട്ടത്തിനെതിരെയുള്ള പ്രവർരത്തനങ്ങൾ ചെെന എങ്ങനെ തടസ്സപ്പെടുത്തിയെന്ന് പ്രസ്തുത ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ജന്തുക്കളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നുവെന്നു വിശ്വസിക്കപ്പെടുന്ന കോവിഡ് 19 വെെറസ് ചെെനയിലെ മാംസവിപണിയിൽ നിന്നുമാണ് ആരംഭിച്ചതെന്നാണ് ലേഖനം പറഞ്ഞുവയ്ക്കുന്നത്. 

കൊറോണ വൈറസ് ചെെനയെ കീഴടക്കിയ നാൾവഴികൾ: 

ഡിസംബർ 1 നാണ് ആദ്യത്തെ രോഗിയുടെ വെെറസ് ലക്ഷണത്തിൻ്റെ ആരംഭം തിരിച്ചറിഞ്ഞത്. ഈ വ്യക്തിക്ക് അസുഖം ബാധിച്ച് അഞ്ച് ദിവസത്തിന് ശേഷം, 53 കാരിയായ ഭാര്യയും ന്യുമോണിയ ബാധിച്ച് ഐസുലേഷൻ വാർഡിൽ പ്രവേശിക്കപ്പെട്ടു. 

ഡിസംബർ രണ്ടാം വാരമായപ്പോൾ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു വൈറസ് പടരുന്നുവെന്ന് സൂചിപ്പിക്കുന്ന കേസുകൾ വുഹാനിലെ ഡോക്ടർമാർ കണ്ടെത്തിയതായി സൂചന വന്നു. 

 ഡിസംബർ 25 ന് വുഹാനിലെ രണ്ട് ആശുപത്രികളിലെ ചൈനീസ് മെഡിക്കൽ സ്റ്റാഫുകൾക്ക് വൈറൽ ന്യുമോണിയ ബാധിച്ചതായി സംശയിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഡിസംബർ അവസാനത്തോടെ ഹുവാനൻ സീഫുഡുമായി ബന്ധപ്പെട്ട കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധവുണ്ടായതായി കണ്ടെത്തി. 

ഈ സമയത്താണ്, ലോകത്തെ പിടിച്ചു കുലുക്കിയ സാർസ് (SARS) ന് സമാനമായ ഒരു രോഗം പൊട്ടിപ്പുറപ്പെടാമെന്ന് ദന്തഡോക്ടറായ ലി വെൻലിയാങ് തൻ്റെ സുഹൃത്തുക്കളായ ഒരു കൂട്ടം ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്. അണുബാധയ്‌ക്കെതിരെ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തു. 

ഡിസംബർ 31 ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. “മനുഷ്യനിൽ നിന്ന് മനുഷ്യന് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കൽ സ്റ്റാഫ് അണുബാധയില്ലെന്നും” അവർ പ്രഖ്യാപിച്ചു.

എന്നാൽ ചെെനയിലെ ഡോക്ടർമാർ ിത്തരത്തിലുള്ള കേസുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വെെറസ് വ്യാപനത്തിൻ്റെ വാർത്തകൾ പുറത്തു വന്നതോടെ  മൂന്നാഴ്ച കഴിഞ്ഞ് ചൈന ലോകാരോഗ്യ സംഘടനയുമായി അവർ ബന്ധപ്പെട്ടു.

ഇതിനിടെ “കിംവദന്തികൾ പ്രചരിപ്പിച്ചു” എന്ന് ആരോപിച്ച് വുഹാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ജനുവരി തുടക്കത്തിൽ ലി വെൻലിയാങ്ങിന് സമൻസ് അയച്ച സംഭവവും നടന്നു. സമൻസിനെ തുടർന്ന് ജനുവരി 3 ന് ഡോ. ലി ഒരു പോലീസ് സ്റ്റേഷനിൽ പോയി തൻ്റെ ഉദ്ദേശ്യങ്ങളും പ്രവർത്തികളും തെറ്റായിരുന്നവെന്നും കൂടുതൽ നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകുകയും ചെയ്തു. 

അജ്ഞാത രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ സ്ഥാപനങ്ങളോട് ഉത്തരവിട്ടു. ഈ സംഭവം നടന്ന അതേ ദിവസം തന്നെ, പുതിയ രോഗവുമായി ബന്ധപ്പെട്ട വുഹാനിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുന്നത് നിർത്താൻ ഹുബെ പ്രൊവിൻഷ്യൽ ഹെൽത്ത് കമ്മീഷൻ ഉത്തരവിട്ടു. മാത്രമല്ല നിലവിലുള്ള എല്ലാ സാമ്പിളുകളും നശിപ്പിക്കുകയുമുണ്ടായി. 

പ്രാഥമിക അന്വേഷണത്തിൽ “മനുഷ്യനിൽ നിന്ന് മനുഷ്യന് പകരുന്നതിന്റെ വ്യക്തമായ തെളിവുകളില്ലെന്നും മെഡിക്കൽ ജീവനക്കാർക്ക് അണുബാധകളില്ലെന്നും ” വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ മറ്റൊരു പ്രസ്താവന ഇറക്കി. 

 ജനുവരി 6 ന് പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് മധ്യ നഗരമായ വുഹാനിലെ 59 പേർക്ക് “ന്യുമോണിയ പോലുള്ള അസുഖം” ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേ ദിവസം തന്നെ ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഒരുത്തരവ് പുറത്തിറക്കിയിരുന്നു.  ‘ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങൾ, മൃഗ വിപണികൾ, രോഗികളുമായുള്ള’ ബന്ധം എന്നിവ ഒഴിവാക്കാൻ വുഹാനിലേക്കുള്ള യാത്രക്കാരെ ഉപദേശിച്ചു കൊണ്ടുള്ളതായിരുന്നു ഉത്തരവ്. 

ജനുവരി 8 ന് ചൈനീസ് മെഡിക്കൽ അധികൃതർ ഈ വൈറസ് തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് രംഗത്തുവന്നു. എന്നാൽ  “മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിന് വ്യക്തമായ തെളിവുകളൊന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല” എന്നവർ ആവർത്തിക്കുകയും ചെയ്തു. 

ജനുവരി 11 ന് വുഹാൻ സിറ്റി ഹെൽത്ത് കമ്മീഷൻ ജനങ്ങൾക്കായി  ചോദ്യോത്തര ഷീറ്റ് പുറത്തിറക്കി. വുഹാനിലെ പേരറിയാത്ത ഈ വൈറൽ ന്യുമോണിയ കേസുകളിൽ ഭൂരിഭാഗവും ദക്ഷിണ ചൈനയിലെ സമുദ്രവിപണി വിപണിയിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെടുന്നതെന്നു സംശയമുണ്ടെന്നും എന്നാൽ  “മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല” എന്നും ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി. 

ഇതേസമയം വെെറസ് ബാധയെപ്പറ്റി സൂചന നൽകിയ ഡോ. ലി വെൻ‌ലിയാങിനെ ജനുവരി 12 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയെ അറിയാതെ ചികിത്സിച്ചതിനു ശേഷം ചുമ തുടങ്ങി പനി പിടിപെടുകയായിരുന്നു. വെൻ‌ലിയാങ്ങിന്റെ നില വഷളായതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഓക്സിജൻ മാസ്ക് ഘടിപ്പിക്കുകയും ചെയ്തു. 

ജനുവരി 13 ന്, കൊറോണ വൈറസ് ശൃംഘലയിലെ ആദ്യ കേസ് ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗം പിടിപെട്ട തായ്‌ലൻഡിലെ യുവതി ചെെനയിലെ വുഹാൻ സന്ദർശിച്ചിരുന്നു. 

എന്നാൽ അവർ വുഹാനിലെ സീഫുഡ് മാർക്കറ്റ് സന്ദർശിച്ചിട്ടില്ലെന്നും ജനുവരി 5 ന് പനി വന്നതായും തായ്‌ലൻഡിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വുഹാനിലെ വ്യത്യസ്തമായ ഒരു ചെറിയ മാർക്കറ്റ് മാത്രമേ യുവതി സന്ദർശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. അവിടെ മൃഗ മാംസം അപ്പോൾത്തന്നെ അറുത്തുവിറ്റിരുന്നതായും അധികൃതർ അറിയിച്ചു. 

ജനുവരി 14 ന് ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കി.  റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: “ചൈനീസ് അധികാരികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചൈനയിലെ വുഹാനിൽ തിരിച്ചറിഞ്ഞ കൊറോണ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യന് കൈമാറ്റം ചെയ്യപ്പെട്ടതിന് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയില്ല.”

 ജനുവരി 15 ന് ജപ്പാനിൽ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. എന്നാൽ ജപ്പാനിലെ രോഗി ചൈനയിലെ കടൽ വിപണികളൊന്നും സന്ദർശിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതേസമയമാണ് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ്റെ പുതിയ പ്രസ്താവന വരുന്നത്.  പരിമിതമായ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു  ഹെൽത്ത് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞത്. 

തുടർന്നാണ് ലോകത്തെ ഞെട്ടിപ്പിച്ച ആ സംഭവം നടക്കുന്നത്. വൈറസ് പകർച്ചവ്യാധിയാണെന്ന് വുഹാനിലെ  ഡോക്ടർമാർക്ക് അറിയാമായിരുന്നിട്ടും, 40,000 കുടുംബങ്ങളെ ചാന്ദ്ര പുതുവത്സരം ആഘോഷിക്കുവാൻ നഗര അധികൃതർ അനുവദിച്ചു. അതിനു പിന്നാലെ ജനുവരി 19 ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ വൈറസിനെ ഇപ്പോഴും തടയാൻ കഴിയുന്നതും നിയന്ത്രിക്കാൻ കഴിയുന്നതുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഒരു ദിവസത്തിനുശേഷം, ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ സംഘത്തിന്റെ തലവൻ ശ്രദ്ധ്യമായ ഒരു പ്രസ്താവനയിറക്കി. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ രണ്ട് അണുബാധ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും വെെറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതും മെഡിക്കൽ സ്റ്റാഫുകളെ ബാധിച്ചതുമൂലമാണ് പകർച്ചയുണ്ടായതെന്നും സ്ഥിരീകരിച്ചു.

ഇതിനിടെ ജനുവരി 21 ന് യുഎസിലെ കൊറോണ വൈറസ് സംബന്ധിച്ച ആദ്യ കേസ് പ്രഖ്യാപിച്ചു.  ആറ് ദിവസം മുമ്പ് ചൈനയിൽ നിന്നും വന്ന വ്യക്തിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ആരംഭിച്ചതിനെ തുടർന്ന് ജനുവരി 22 ന് ഒരു ലോകാരോഗ്യസംഘം വുഹാനിലേക്ക് ഒരു സന്ദർശനം നടത്തി. ആ സമയം മാത്രമാണ് ഔദ്യോഗികമായി വെെറസ് മനുഷഐ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്നതാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. 

വൈറസ് ബാധ സംബന്ധിച്ച ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് ഏകദേശം രണ്ട് മാസത്തിന് ശേഷം ചൈനീസ് അധികൃതർ വുഹാനിൽ വെെറസ് ബാധ നിർമ്മാർജ്ജനം ചെയ്യുവാനുള്ള ആദ്യ നടപടി പ്രഖ്യാപിച്ചു. എന്നാൽ ഈ സമയമായപ്പോഴേക്കും കഥയറിയാതെ ചൈനീസ് പൗരന്മാർ വലിയൊരു വിഭാഗം വെെറസിൻ്റെ രഹസ്യ വാഹകരായി വിദേശയാത്ര നടത്തിക്കഴിഞ്ഞിരുന്നു. 

വാൽക്കഷ്ണം:

ജനുവരി 12നാണ് ഡോ. വെൻലിയാങിനെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ആറു ദിവസത്തിന് ശേഷം ഡോ. വെൻലിയാങ് മരണപ്പെട്ടു.