കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് യൂസഫലിയുടെ 10 കോടി

single-img
28 March 2020

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 10 കോടി രൂപ സംഭാവന നല്‍കും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഹായിക്കാന്‍ പറ്റുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് യൂസഫലി പത്ത് കോടി സംഭാവന നല്‍കാമെന്ന് അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. 

രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 

1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സ്ഥിതിഗതി കൂടുതല്‍ ഗൗരവമായി തിരിച്ചറിയണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.