കൊറോണ ബാധ രൂക്ഷമായ അമേരിക്കയിൽ നിന്നും അത്യാവശ്യമായി വരുന്ന പൗരൻമാരെ തടയാതെ മെക്സിക്കോ; അമേരിക്ക- മെക്സിക്കോ അതിർത്തി മതിൽകെട്ടിയടച്ച ട്രംപിന് കാലം കാത്തുവച്ച മറുപടി

single-img
28 March 2020

കോവിഡ് ബാധ അതീവ ഗുരുതരമായി മുന്നേറുകയാണ് അമേരിക്കയിൽ. ന്യൂയോർക്കിൽ മാത്രം രോഗികൾ 39,000 കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞുകഴിഞ്ഞു.  കിടത്തിചികിത്സയ്ക്കു സൗകര്യമില്ലാത്ത അവസ്ഥയാണു ന്യൂയോർക്ക് അടക്കമുള്ള കോവിഡ് ബാധിത മേഖലകളിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോൾ മരണം 1,696 ആയി. ന്യൂയോർക്കിൽ ജോലിയിലായിരുന്ന 2 ബസ് ഡ്രൈവർമാരും ഒരു പൊലീസുകാരനും രോഗം ബാധിച്ചു മരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഏവരേയും അത്ഭുതപ്പെടുത്തിയ വസ്തുത ഈ മേഖലയിൽ മരണം നടന്നിട്ടും ബസ് സർവീസ് നിർത്തിവച്ചില്ല എന്നുള്ളതാണ്. ബസ് സർവീസ് നിർത്തി വയ്ക്കുവാൻ ഉദ്ദേശമില്ലെന്നുതന്നെയാണ് ഭരണകൂടവും വ്യക്തമാക്കുന്നത്. 

ഇതിനിടെ വൈറസ് വ്യാപനം തടയാൻ കാനഡ– യുഎസ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള യുഎസ് നീക്കം കാനഡ വിമർശിച്ചു. അമേരിക്കയിലുള്ള തങ്ങളുടെ പൗരന്മാർ അടിയന്തരാവശ്യം ഇല്ലെങ്കിൽ രാജ്യത്തേക്കു വരരുതെന്നും എന്നാൽ ഒഴിവാക്കാൻ കഴിയാത്ത യാത്രയാണെങ്കിൽ തങ്ങൾ സ്വീകരിക്കുമെന്നും മെക്സിക്കോ പ്രസിഡൻ്റ് പറഞ്ഞു കഴിഞ്ഞു. മുമ്പ് അധികാരമേൽക്കുന്ന സമയത്ത് ട്രംപ് മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയുവാൻ അതിർത്തിയിൽ മതിൽ കെട്ടിയ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 

ഇതിനിടെ, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്റർ (ഏപ്രിൽ 12) വരെ നീണ്ടേക്കുമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. എന്നാൽ, ചൈനയുടെ അനുഭവം വച്ചാണെങ്കിൽ 6–8 ആഴ്ചകളെങ്കിലും ലോക്ഡൗൺ വിജയകരമായി നടപ്പാക്കാനായാൽ വൈറസ് വ്യാപനം തടയാനായേക്കും. എന്നാൽ ലോകരാജ്യങ്ങളുടെ അനുഭവത്തിൽ നിന്നും പാഠം പഠിക്കുവാൻ യുഎസ് ഇനിയും തയ്യാറായിട്ടില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ലോക് ഡൗൺ ആരംഭിച്ച് ആദ്യ രണ്ടാഴ്ചകളിൽ രോഗികൾ വർധിക്കുകയും പിന്നീടുള്ള ആഴ്ചകളിൽ അവ കുറഞ്ഞുവരികയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക നിയന്ത്രണങ്ങൾ  പിൻവലിക്കാനൊരുങ്ങുന്നത്. 

അതീവ ഗുരുതരാവസ്ഥയിലൂടെയാണ് അമേരിക്കയിലെ ആരോഗ്യരംഗം കടന്നുപോകുന്നത്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ കടുത്ത സമ്മർദത്തിലാണ്. ന്യൂ ജഴ്സിയിൽ രോഗികൾ ഏഴായിരമായി. കലിഫോർണിയയിൽ 4,040 പേരും വാഷിങ്ടണിൽ 3207 പേരും രോഗികളായി കഴിഞ്ഞു.  കോവിഡ് മൂലം തൊഴിൽമേഖലകൾ നിശ്ചലമായതിനാൽ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായം അമേരിക്കക്കാർക്കു മൂന്നാഴ്ചയ്ക്കകം ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് മൻചിൻ അറിയിച്ചിട്ടുണ്ട്.