സാഹചര്യം നാം കരുതുന്നതുപോലെയല്ല: മൂന്നു സേനകളോടും തയ്യാറായിരിക്കാൻ കേന്ദ്ര നിർദ്ദേശം

single-img
27 March 2020

ലോകത്ത് കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമാണ്. രാജ്യവും ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഗുരുതരമായ സാഹചര്യമുണ്ടായാൽ രാജ്യത്തുടനീളമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാൻ സേനയ്ക്ക് കേന്ദ്രസർക്കാർ നിർദേശം എത്തിക്കഴിഞ്ഞു. 

സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവരുമായി ചർച്ച നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സേനകളുടെ തയാറെടുപ്പു പരിശോധിച്ചു. അടിയന്തര സാഹചര്യത്തിൽ സേനകളുടെ സർവ സന്നാഹങ്ങളും ഉപയോഗിക്കാൻ ധാരണയായി. ആഭ്യന്തര വ്യോമഗതാഗതം നിലച്ചതോടെ, വിവിധ ഭാഗങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകരെ എത്തിക്കാൻ സേനാ വിമാനങ്ങൾ ഉപയോഗിക്കും. 

അവശ്യവസ്തുക്കളെത്തിക്കാൻ ചരക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും രംഗത്തിറങ്ങും. ഇതിനു പുറമേ, മാലദ്വീപ് അടക്കമുള്ള സൗഹൃദ രാജ്യങ്ങളിൽ സഹായമെത്തിക്കും. ഇതിനായി കരസേനയുടെ മെഡിക്കൽ സംഘത്തെയും 2 നാവിക കപ്പലുകളും തയാറാക്കി. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഐസലേഷൻ കേന്ദ്രങ്ങൾ സേന സജ്ജമാക്കും. വിദേശത്തുനിന്നു വന്ന രോഗലക്ഷണമുള്ള 1462 പേരാണ് സേനകളുടെ പരിചരണ കേന്ദ്രങ്ങളിലെത്തിയത്. ഇതിൽ, 389 പേർ ഭേദമായി വീടുകളിലേക്കു മടങ്ങി. ഇറാനിൽ നിന്നുള്ള 277 പേർ കഴിഞ്ഞ ദിവസം ജോധ്പുരിലുള്ള കേന്ദ്രത്തിലെത്തി. ഇവരിൽ ആർക്കും ഗുരുതരാവസ്ഥയില്ല. 

എല്ലാ സഹായവും എത്തിക്കാൻ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) ചെയർമാൻ ഡോ. ജി.സതീഷ് റെഡ്ഡിക്കു മന്ത്രി നിർദേശം നൽകി. ഡിആർഡിഒ ലാബുകളിൽ വരുംദിവസങ്ങളിൽ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉൽപാദനം വർധിപ്പിക്കും. 10,000 മാസ്കുകൾ കഴിഞ്ഞ ദിവസം ഡൽഹി പൊലീസിനു കൈമാറിയിരുന്നു.