അമൃതാനന്ദമയി മഠം ഒളിപ്പിച്ചുവച്ച 68 വിദേശികളിൽ ഒരാളുടെയെങ്കിലും ഫലം പോസിറ്റീവായാൽ ഒരു പഞ്ചായത്ത് മുഴുവൻ ക്വാറൻ്റയിൻ ചെയ്യേണ്ട അവസ്ഥ

single-img
27 March 2020

കൊറോണയക്ക് എതിരെ നാടും വീടും പോരാടുമ്പോൾ വള്ളിക്കാവിലെ അമൃതാനന്ദമയി മഠം നാടിനു നേരെ ഉയർത്തിയത് വൻ ഭീഷണി. കൊറോണ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് അമൃതാനന്ദമയി മഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളുടെ വിവരം നല്‍കാത്തതില്‍ ആലപ്പാട് പഞ്ചായത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇവിടെ താമസിച്ച വിദേശികളെ പറ്റി മഠം അധികൃതരെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ട് മഠത്തിലെ 67 അന്തേവാസികളെ കൊവിഡ് നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് പരാതിയുമായി കരുനാഗപ്പള്ളി എസിപിയെ സമീപിച്ചത്. അമൃതാനന്ദമയി മഠം ഒളിപ്പിച്ചുവച്ച 68 വിദേശികളിൽ ഒരാളുടെയെങ്കിലും ഫലം പോസിറ്റീവായാൽ ഒരു പഞ്ചായത്ത് മുഴുവൻ ക്വാറൻ്റയിൻ ചെയ്യേണ്ട അവസ്ഥയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയിരുന്നില്ല എന്നതാണ് ഇതിന്‍റെ കാരണം.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. ഇവരുടെ കൊറോണ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.