കൊവിഡ് നിത്യ സന്ദർശകനായേക്കും, വാക്സിൻ പെട്ടെന്നു കണ്ടെത്തിയില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തം

single-img
26 March 2020

ന്യൂയോ‍ർക്ക്: ലോകം ഇപ്പോൾ കൊറോണ മഹാമാരിയുടെ പിടിയിലമരുകയാണ്. ലോകം അതിശക്തമായി തന്നെ കോവിഡ്–19 രോഗത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും കൊവിഡ് 19 സീസണല്‍ രോഗമായി വരാമെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ വിദഗ്ധൻ ഡോ. ആന്തണി ഫൗസിയാണ് ആശങ്ക പങ്കുവച്ചത്. എത്രയും പെട്ടെന്ന് വാക്സിൻ കണ്ടെത്തുകയാണ് പോംവഴി. ‘ഈ രോഗം കാലികമാകാം, വർഷാവർഷം വരാൻ സാധ്യതയുണ്ട്’ – ബുധനാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാജ്യങ്ങള്‍ പൂര്‍ണ്ണമായും വൈറസ് വ്യാപനത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മുക്തി നേടിയാലും സീസണല്‍ ആയി രോഗം തിരിച്ചുവരാമെന്ന കണ്ടെത്തല്‍ വലിയ ആശങ്കയുളവാക്കുകയാണ്. കൊറോണക്കെതിരേ വാക്‌സിന്‍ നിര്‍ബന്ധമായും കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.”ദക്ഷിണാഫ്രിക്കാ, ദക്ഷിണാര്‍ദ്ധ ഗോളത്തിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നമ്മള്‍ കോവിഡ് കേസുകള്‍ കാണുന്നത്. ശിശിരകാലത്തിലേക്ക് അവര്‍ കടക്കുമ്പോഴാണ് ഇത് കാണുന്നത്. രണ്ടാം ഘട്ട സീസണിലേക്ക് ഇത് കടക്കുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്”, ഫൗസി പറയുന്നു.

“എത്രയും പെട്ടെന്ന് ടെസ്റ്റുകളിലൂടെ രോഗം സ്ഥിരീക്കേണ്ട സംവിധാനം കണ്ടെത്തേണ്ടതുണ്ട്. മാത്രവുമല്ല വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ നീരീക്ഷണം നമ്മെ കൊണ്ടെത്തിക്കുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത കോവിഡ് സീസണാകുമ്പോഴേക്കും നമുക്ക് തയ്യാറെടുക്കാനാവും”, അദ്ദേഹം കൂട്ടിച്ചേർത്തു.

65,000ൽ അധികം പേരെയാണ് ഇന്നുവരെ യുഎസിൽ വൈറസ് ബാധിച്ചിരിക്കുന്നത്. 900ൽ അധികം മരണവുമുണ്ടായി. ചൈനയ്ക്കും യൂറോപ്പിനും ശേഷം വൈറസ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് യുഎസിനെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.