ഇറ്റലിയിൽ മരണം താണ്ഡവമാടുന്നു, 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 743 പേർക്ക്

single-img
25 March 2020

കോവിഡ് ബാധിച്ച് ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 6,820 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  ലോകത്താകെ മരിച്ചവരുടെ എണ്ണം 18,891 ആയി. കോവിഡ് ബാധിതരുടെ ആകെ എണ്ണം നാലു ലക്ഷം കടന്നു. ആകെ 4,22,566 പേർക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരണം. 

ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലും പത്തിരട്ടിയാകാൻ സാധ്യതയെന്നാണ് സൂചനകൾ. ആശുപത്രിയിലെത്തുന്നവർക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും അതിനർത്ഥം ആയിരങ്ങൾ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണെന്നുമാണ് സൂചനകൾ പുറത്തുവരുന്നത്.  6.4 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവും– കണക്ക് ശേഖരിക്കുന്ന സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.

ചൈനയിൽ 3227 പേരാണ് മരിച്ചത്. സ്പെയിനിൽ 2992 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ ചൊവ്വാഴ്ച മാത്രം 680 പേർ മരിച്ചു. ഇറാനിൽ 1934 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഫ്രാൻസിൽ മരണം 1100 ആയി. ഫ്രാൻസിൽ 240 എന്ന സംഖ്യയിൽ നിന്നാണ് മരണ സംഖ്യ അധിവേഗം വർധിച്ചത്. യുഎസിൽ മരണസംഖ്യ 775 ആയി.

യുഎസിൽ പതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മരണം 422 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം 87 പേർക്കാണ് ജീവഹാനി സംഭവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂസിലൻഡിൽ ആകെ 205 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.