ക്ഷേത്രങ്ങളിൽ ഉത്സവം കൂടാൻ പോയാൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദെെവവും വരില്ല; ഇപ്പോൾ നമ്മുടെ ദെെവം ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരുമാണെന്ന് ജ്യോത്സ്യൻ ഹരി പത്തനാപുരം

single-img
23 March 2020

കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചിരിക്കുന്ന ഈ അവസരത്തിലും ക്ഷേത്രത്തിൽ കൂട്ടം കൂടുന്നതിനേയും ഉത്സവം നടത്തുന്നതിനേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ജ്യോത്സ്യൻ ഹരി പത്തനാപുരം. ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും പോയി ഈ സാഹചര്യത്തിൽ ആരാധന നടത്തിയാൽ ഏതു ദൈവം നിങ്ങളെ രക്ഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു ദൈവങ്ങളും നിങ്ങളുടെ രക്ഷയ്ക്കായി എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവങ്ങളൊന്നുമല്ല യഥാർത്ഥ ദൈവങ്ങൾ. ആദരണീയനായ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമൊക്കെയാണ് ഇപ്പോൾ നമ്മുടെ ദൈവങ്ങൾ. രോഗികൾക്കായി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരുമാണ് നമ്മുടെ ദൈവങ്ങൾ. അവർ പറയുന്നതാണ് നമ്മൾ കേൾക്കേണ്ടത്. അതല്ലാതെ ക്ഷേത്രങ്ങളിൽ പോയി കുമ്പിട്ടാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും ഹരിപത്തനാപുരം പറയുന്നു. 

സർക്കാർ നിർദ്ദേശം അനുസരിച്ച് താനും ഒരാഴ്ച വീട്ടിൽ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഹരി പറഞ്ഞു. നമ്മളോരോരുത്തരും സർക്കാർ നിർദ്ദേശം അനുസരിച്ച് വീട്ടിൽ തുടരണം. വീടിനുള്ളിൽ ഇരുന്നു കൊണ്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നമ്മൾ മറ്റുള്ളവരെ അറിയിക്കണം. അങ്ങനെയെങ്കിലും മറ്റു ദൈവങ്ങൾ തങ്ങളെ രക്ഷിക്കും എന്ന് കരുതുന്നവർക്ക് ഒരു പാഠമാകട്ടെ എന്നും ഹരി പറയുന്നു. 

ഹരി പത്തനാപുരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി മികച്ച പ്രതികരണങ്ങളാണ് എത്തിയിരിക്കുന്നത്. ഒരു ജ്യോത്സ്യനോട്  ആദ്യമായിട്ടാണ് ഇത്തരത്തിൽ ബഹുമാനം തോന്നുന്നതെന്ന് പലരും പോസ്റ്റിനു കീഴിൽ കുറിച്ചിട്ടുണ്ട്. 

കൊറോണ…കോവിഡ് 19…

കൊറോണ….കോവിഡ് 19….ഇന്നലെ ഉത്സവം നടത്തിയവർക്ക് ദൈവം സംരക്ഷണം നൽകുമോ….ഇപ്പൊൾ ആരാണ് ശരിക്കും ദൈവം….( അല്പം അസഭ്യം ഉണ്ട്….ദയവായി ക്ഷമിക്കുക)…

Posted by Hari Pathanapuram on Saturday, March 21, 2020