കൊറോണ: കാസര്‍കോട് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കാത്തിരിക്കുന്നത് അറസ്റ്റും കനത്ത പിഴയും

single-img
23 March 2020

സംസ്ഥാനത്താകെ കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുഖ്യമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ ഏറ്റവും കര്‍ശനമായിരിക്കുന്നത് കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട് ജില്ലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇങ്ങിനെ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഈ മാസം 31 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ അഞ്ചുമണിവരെ മാത്രമേ സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.