`അടുത്ത ഇറ്റലിയാകുന്നത് അമേരിക്ക, നിങ്ങൾ പുറത്തു നിന്നു കാണുന്നതല്ല യാഥാർത്ഥ്യം´: ന്യൂയോർക്ക് നഗരത്തിലെ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

single-img
23 March 2020

കൊറോണ വെെറസ് ബാധ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന അവസരത്തിൽ അമേരിക്കയുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം വര്‍ധിച്ചുവരുന്ന കൊറോണാവൈറസ് ബാധിതരുടെ എണ്ണവും രോഗത്തിനെതിരെ മുന്നില്‍ നിന്നു പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും തമ്മിലുള്ള അന്തരം വെല്ലുവിളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യം സമീപ ഭാവിയില്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കാമെന്ന മുന്നറിയിപ്പാണ് ന്യൂയോര്‍ക് നഗരത്തിലെ പ്രധാന സര്‍ജന്‍മാരിലൊരാളായ ഡോക്ടര്‍ ക്രെയ്ഗ് സ്മിത്ത് വെളിപ്പെടുത്തുന്നത്. 

 ‘നിലവിലുള്ള ആശുപത്രി മുറികളും മറ്റും അടുത്ത 22-32 ദിവസങ്ങള്‍ക്കുള്ളില്‍ നിറഞ്ഞു കവിഞ്ഞേക്കാം’ – ന്യൂയോര്‍ക് പ്രെസ്ബിറ്റേറിയന്‍ ഹോസ്പിറ്റലിലെ മുഖ്യ സര്‍ജനായ അദ്ദേഹം പറയുന്നു. ആ സമയത്ത് ന്യൂ യോര്‍ക് പ്രെസ്ബിറ്റേറിയന്‍ ആശുപത്രിക്ക് 700-934 ഐസിയു കിടക്കകൾ വേണ്ടിവരുമെന്നും എന്നാല്‍ തങ്ങള്‍ക്ക് 700 ബെഡുകള്‍ ഇല്ലെന്നും അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്തിലൂടെ വ്യക്തമാക്കുന്നു. 

ഭീതിജനകമായ പശ്ചാത്തലത്തിൽ യഥാര്‍ഥ വിവരങ്ങൾ പേടിപ്പിക്കുന്നതാണ്. അല്‍പം ആശ്വാസം പകരുന്ന വാക്കുകൾ ഉപയോഗിക്കാനായെങ്കില്‍ ആഗ്രഹിച്ചു പോകുന്നുവെന്നും ഡോക്ടർ പറയുന്നു. അദ്ദേഹത്തിന്റെ രണ്ടു കത്തുകളുടെ ഉള്ളടക്കം കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സര്‍ജറിയാണ് പ്രസിദ്ധീകരിച്ചത്. അവയില്‍ അദ്ദേഹം പറയുന്ന മറ്റൊരു കാര്യം അമേരിക്കയിലെ കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രം ന്യൂയോര്‍ക് സിറ്റി ആണെന്നാണ്. നഗരത്തിലെ ഉദ്യോഗസ്ഥര്‍ വൈറസിൻ്റെ വ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളുമായി തലങ്ങും വിലങ്ങും പായുകയാണെന്നും സാധാരണ ജീവിതം തടസപ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് അവര്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെ ഭിത്തികളെയും ഭേദിച്ച് അകത്തു കടന്നിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ രോഗബാധിതരായ വാര്‍ത്ത അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേള്‍ക്കാമെന്നും ക്രെയ്ഗ് സ്മിത്ത് പറഞ്ഞു. രോഗികളുമായി ഇടപെട്ടുവരുന്ന ഒരുപറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു രോഗം ബാധിച്ചുവെന്ന വാര്‍ത്ത വന്നാല്‍പോലും അതില്‍ അല്‍പ്പം പോലും അദ്ഭുതപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളെപ്പോലെ തന്നെ ന്യൂ യോര്‍ക്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട പ്രതിരോധ സംവിധാനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ന്യൂ യോര്‍ക് പ്രെസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ 40,000 എന്‍95 മാസ്‌കുകളാണ് പ്രതിദിനം ഉപയോഗിക്കുന്നത്. എന്നാല്‍, അടുത്തദിവസങ്ങളില്‍ ദിനം പ്രതി 70,000 എണ്ണമെങ്കിലും വേണ്ടിവരും. ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം കൂടാന്‍ പോകുകയാണെന്നും സ്മിത്ത് പറയുന്നു.