കൊറോണയെക്കുറിച്ച് വങ്കുവച്ചത് തെറ്റായവിവരങ്ങള്‍, മോദിയെ പിന്തുണച്ച രജനീകാന്തിന്റെ പോസ്റ്റ് പിന്‍വലിച്ച് ട്വിറ്റര്‍

single-img
22 March 2020

ചെന്നൈ: കൊറോണയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യു പിന്തുണച്ച നടന്‍ രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ പിന്‍വലിച്ചു.രജനീകാന്ത് പോസ്റ്റ് ചെയ്ത വീഡിയോയാണ് നീക്കം ചെയ്തത്. വൈറസ് ബാധയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. സാമൂഹിക വ്യാപനം തടയാന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസിനെ പൂര്‍ണമായും തടയേണ്ടതുണ്ടെന്നും രജനി പറഞ്ഞിരുന്നു.എന്നാല്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തത്.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ തുമ്മലില്‍ നിന്ന് വീഴുന്ന തുള്ളികള്‍ ഒരു ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കും. വൈറസുള്ള ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ച് സ്വന്തം വായ, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ചാല്‍ ഒരു വ്യക്തിക്ക് അണുബാധ ഏല്‍ക്കാം എന്നാണ്.

ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശ്രമിക്കുന്ന സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രജനിയുടെ വീഡിയോ ഇറങ്ങിയത്. നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.