കൊറോണക്കാലത്തിനു ശേഷം ലോകത്തെ കാത്തിരിക്കുന്നത് ബേബി ബൂം പ്രതിഭാസം

single-img
21 March 2020

കൊവിഡ് 19 ബാധയുടെ സാമൂഹികവും സാമ്പത്തികവുമായ തിക്തവശങ്ങൾ എന്തൊക്കെയാകുമെന്ന് ഇനിയും കണക്ക് കൂട്ടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ശാസ്ത്ര ലോകം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട് കൊറോണക്കാലത്തിനു ശേഷം ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു മഹാവിപത്താണ്; ബേബി ബൂം!

കൊറോണക്കാലത്ത് ദമ്പതിമാര്‍ ജോലിസ്ഥലത്ത് നിന്നകന്ന് വീട്ടില്‍ കഴിയുന്നത് ബേബി ബൂം പ്രതിഭാസത്തിന് സാധ്യത കൂട്ടുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ചൈനയിലും അമേരിക്കയിലെയും ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നറിയിപ്പുകളും ജനങ്ങളിലേക്ക് കൂടുതലായി ഇതിനകം തന്നെ എത്തിത്തുടങ്ങി കഴിഞ്ഞു.ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വർധനവിനെയാണ് പൊതുവേ ബേബി ബൂം എന്നു പറയുന്നത്. ഈ കാലയളവിൽ ജനിച്ച ആളുകളെ ബേബി ബൂമേഴ്സ് എന്നു വിളിക്കുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വ്യത്യസ്തങ്ങളായ കാരണങ്ങളായിരിക്കും ബേബി ബൂമിനെ സ്വാധീനിക്കുക. എന്നാൽ ഇന്നാകട്ടെ ലോകത്തെ ആകമാനം ബാധിച്ചിരിക്കുന്ന കൊറോണയാണ് ഇതിന് കാരണമാകാൻ പോകുന്നത്.

ലോക മഹായുദ്ധങ്ങളുടെ കാലത്താണ് ഇതിനു മുമ്പ് പ്രകടമായ രീതിയില്‍ ബേബി ബൂം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ ഉണ്ടായ സാമ്പത്തിക-സാമൂഹിക അനിശ്ചിതത്വത്തിന്റെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായത് ബേബി ബൂമിന് ഇടയാക്കിയിരുന്നു. അന്നും ജനസംഖ്യയില്‍ പൊതുവെ മുന്നിലായ ചൈനയില്‍ വലിയ വര്‍ധനവാണുണ്ടായത്. പിന്നീട് ഇന്ത്യ ചൈന യുദ്ധ സമയത്തും ചൈനയില്‍ ബേബി ബൂമുണ്ടായി. എന്നാല്‍ ഒറ്റക്കുട്ടി നയത്തോടെ ചൈനയില്‍ ജനസംഖ്യാ വര്‍ധനവില്‍ പ്രകടമായ കുറവുണ്ടായി.

കൊറോണയ്ക്കെതിരായ മുന്നൊരുക്കം എന്ന രീതിയിൽ ചൈനയിൽ ബഹുഭൂരിഭാഗം ആളുകളും ഇന്ന് വീടുകളിൽതന്നെ തങ്ങുകയാണ്. വിരസതയും നിരാശയും പിടിപെട്ട ഇവർ ആശ്വാസം കണ്ടെത്തുന്നത് ലൈംഗിക ബന്ധത്തിലാണ്. അതുകൊണ്ടുതന്നെ തൽസ്ഥിതി തുടർന്നാൽ ചൈന വീണ്ടുമൊരു ബേബി ബൂമിന് വേദിയാകുമെന്ന് ശാസ്ത്രജ്ഞന്മാർ ഭയപ്പെടുന്നു. നിരാശ പിടിപെട്ട ജനങ്ങള്‍ ലൈംഗികതയില്‍ ആശ്വാസം കണ്ടെത്തുന്നുവെന്നും അതോടൊപ്പമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഡം സെയില്‍സ് ഡോട്‌കോമിന്റെ കണക്ക് പ്രകാരം സിങ്കപ്പുരിലും ഹോങ്കോങ്ങിലും കോണ്ടത്തിന്റെ ലഭ്യതക്കുറവുണ്ടായത് ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.കോണ്ടം വ്യവസായങ്ങളെയും അവയുടെ ഉത്പാദന തോതിനെയും കൊറോണ ഭീഷണി ബാധിച്ചതിനാല്‍ ലഭ്യതക്കുറവിലേക്ക് നയിക്കും. ഇതെല്ലാം ബേബി ബൂമിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.ചുഴലിക്കാറ്റുകള്‍ നാശം വിതച്ച കാലത്ത് അമേരിക്കയിലടക്കം ഇത്തരത്തില്‍ ബേബി ബൂം പ്രതിഭാസങ്ങള്‍ ചിലയിടങ്ങളിലുണ്ടായിരുന്നു.