`കാശ് കിട്ടാത്ത ഓട്ടമാണെങ്കിൽ ആംബുലൻസ് അയക്കേണ്ട´; ദുരിതകാലത്തും കാശ് നോക്കുന്ന ആംബുലൻസ് സംഘടനാ നേതാവിനോട് ആംബുലൻസ് ഉടമയുടെ മാസ് മറുപടി: `വണ്ടി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, നിങ്ങളല്ല´

single-img
21 March 2020

കൊറോണ ദുരിത കാലത്തും കാശിനു വേണ്ടി ആർത്തി പിടിക്കുന്നവരും, കാശല്ല മനുഷ്യത്വംമാണ് വലുതെന്നു കരുതുന്നവരും ധാരാളമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രെെവേഴ്സ് അസോസിയേഷൻ (എഒഡിഎ) എന്ന സംഘടനയുടെ നേതാവിന് ആംബുലൻസ് ഉടമ നൽകിയ മറുപടിയാണ് ഇപ്പോൾ വോയിസ് ക്ലിപ്പായി പ്രചരിക്കുന്നത്.   

എഒഡിഎയുടെ നേതാവും എസ്കെഎസ്എസ്എഫ് എന്ന ആംബുലൻസ് സർവ്വീസ് ഉടമയുമായ ഷാജുദ്ദീൻ ചിറയ്ക്കലാണ് രഞ്ജിത് ആംബുലൻസ് ഉടമ മഞ്ജിത്തിനെ ഫോണിൽ ബന്ധപെട്ടു `കാശ് കിട്ടാത്ത ഓട്ടങ്ങൾ എടുക്കേണ്ട´ എന്നു പറയുന്നത്. സംസ്ഥാനത്ത് സാമൂഹിക പ്രതിബദ്ധതയോടെ കൊറോണ ഡ്യൂട്ടികൾക്കായി സേവനം നടത്തുന്ന ആംബുലൻസ് സർവ്വീസാണ് രഞ്ജിത്ത് ആംബുലൻസുകൾ. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിളിച്ചാലും പണം ലഭിക്കാത്ത ഓട്ടമാണെങ്കിൽ വാഹനം അയക്കേണ്ട എന്നാണ് ഷാജുദ്ദീൻ പറയുന്നത്. 

എന്നാൽ ഈ ആവശ്യത്തിന് മഞ്ജിത് നൽകുന്നത് മാസ് മറുപടിയാണ്. `ഞാൻ ആർക്കു വണ്ടി കൊടുക്കണം ആർക്കു വണ്ടി കൊടുക്കേണ്ട എന്ന് ഞാനാണ് തീരുമാനിക്കുന്നത്´- എന്നാണ് മഞ്ജിത് മറുപടി നൽകുന്നത്. മറുപടി കേൾക്കുന്നതോടെ `ആയിക്കോട്ടെ, പറഞ്ഞന്നേയുള്ളു´ എന്നു പറഞ്ഞു ഷാജുദ്ദീൻ ഫോൺ വയ്ക്കുകയും ചെയ്യുന്നുണ്ട്. 

കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിൽ നിന്നും പിന്നോട്ടു നടക്കാനാണ് ഷാജുദ്ദീൻ ആവശ്യപ്പെടുന്നതെന്നു വ്യക്തം. എന്നാൽ മഞ്ജിത്, പണമല്ല മനുഷ്യത്വമാണ് വലുതെന്ന വസ്തുതയിൽ വിശ്വസിച്ച് ഉറച്ചു നിൽക്കുകയും ചെയ്യുന്നു.