നിർഭയ പ്രതികളുടെ തൂക്കുകയർ ഇനി ആരാച്ചാർക്ക് സ്വന്തം: കയറിലെ ഓരോ നാരും ആരാച്ചാർക്കു നേടിക്കൊടുക്കുന്നത് വരുമാനം

single-img
20 March 2020

നിർഭയ കൊലക്കമസിലെ പ്രതികൾക്ക് ഒടുവിൽ തൂക്കുകയർ ലഭിച്ചു. രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് തൂക്കിലേറ്റി. രാവിലെ 5:30ന് തീഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. 2013ഫെബ്രുവരി 13നായിരുന്നു തീഹാര്‍ ജയിലില്‍ ഇതിന് മുന്‍പ് വധശിക്ഷ നടപ്പാക്കിയത്. നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്.  ആരാച്ചാര്‍ പവന്‍ കുമാറാണ് ഇവരെ തൂക്കിലേറ്റിയത്.

വധശിക്ഷ നടപ്പാകുമ്പോള്‍ മാത്രം രംഗത്തുവരുന്ന ഒരു അപൂര്‍വകഥാപാത്രമാണ് ആരാച്ചാര്‍. ആരാച്ചാരെ ചുറ്റിപ്പറ്റിയുള്ള കഥകൾ പ്രസിദ്ധമാണ്. അവയിൽ പലതും യാഥാർത്ഥ്യവുമാണ്. വധശിക്ഷയ്ക്കുശേഷം പ്രതിഫലം മാത്രമല്ല, പ്രതികളെ തൂക്കിയ തൂക്കുകയറും ആരാച്ചാര്‍ക്കു സ്വന്തമാണെന്നുള്ളതാണ് പ്രധാനം. 

ഈ തൂക്കുകയറിലെ ഓരോ നാരും ആരാച്ചാര്‍ക്കു നൽകുന്നത് വരുമാനം കൂടിയാണ്. സാധാരണക്കാർ ഭയമകറ്റാന്‍ ഈ കയറിൻ്റെ കഷ്ണങ്ങളോ അതിലെ നാരുകളോ ഉപയോഗിക്കുമെന്നുള്ളതാണ് വസ്തുത. മാത്രമല്ല മന്ത്രവാദികൾ അവരുടെ ആവശ്യത്തിനായും ഈ കയറിൻ്റെ കഷ്ണങ്ങൾ ആരാച്ചാരിൽ നിന്നും വിലകൊടുത്തു വാങ്ങാറുണ്ട്. ആനവാല്‍ മോതിരം ധരിച്ചാല്‍ ഭയമകലും എന്നപോലെ അന്ധവിശ്വാസത്തിലധിഷ്ഠിതമാണ് തൂക്കു കയറിൻ്റെ കഥയെന്നും മുൻ ജയിൽ ഡിജിപി ജേക്കബ് അലക്സാണ്ടർ പറയുന്നു. 

ഇന്ത്യ കണ്ട ഏറ്റവും ക്രൂരത നിറഞ്ഞ ഒരു ബലാത്സംഗക്കേസില്‍ നാലു പ്രതികളെ രാജ്യം ആദ്യമായി ഒരുമിച്ച് തൂക്കിലേറ്റിയപ്പോള്‍ അത് നിര്‍വ്വഹിച്ചത് ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രശസ്തമായ ആരാച്ചാര്‍ കുടുംബത്തില്‍ നിന്നും വന്ന പവന്‍കുമാറാണ്. രേഖകള്‍ പ്രകാരം, പവന്‍ സ്വന്തമായി നടപ്പാക്കുന്ന വധശിക്ഷയുടെ പട്ടികയിലെ ആദ്യത്തേതാണു നിര്‍ഭയക്കേസെന്ന പ്രത്യേകതയുമുണ്ട്. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്നു കരുതപ്പെടുന്ന റാം റഖയുടെ പിന്മുറക്കാരനാണ് പവന്‍. ഭഗത്സിംഗിനെ തൂക്കിലേറ്റിയ വ്യക്തിയുടെ പേര് സുരക്ഷാ കാരണങ്ങളാൽ അന്ന് ബ്രിട്ടീഷ് സർക്കാർ പുറത്തു വിട്ടിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷമാണ് ആരാച്ചാരുടെ പേര് പുറംലോകമറിഞ്ഞത്.