കൊറോണക്കാലത്ത് 400 പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; ജാഗ്രതാ നിര്‍ദേശം വകവയ്ക്കാത്ത വൈദികര്‍ക്കെതിരെ കേസെടുത്തു

single-img
20 March 2020

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം വകവയ്ക്കാതെ പ്രവര്‍ത്തിച്ച പുരോഹിര്‍ക്കെതിരെ കേസ്. കാസര്‍ഗോഡ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയതിനാണ് നടപടി.

പനത്തടി സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തിലെ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കുര്‍ബാന നടത്തിയത്. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധനിര്‍ദേശവും ലംഘിച്ചതിന് 188, 296 വകുപ്പുകള്‍ പ്രകാരമാണ് കേസ്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.

റവന്യൂ-പൊലീസ് അധികൃതര്‍ ഇടപെട്ട് കുര്‍ബാന നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു.വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടായിരുന്നു കുര്‍ബാന. 50ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങു നടത്തരുതെന്ന് പൊലീസ് മൂന്നുദിവസം മുന്‍പ് വൈദികരോട് നിര്‍ദേശിച്ചിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.

മതമേലധ്യക്ഷന്‍മാരും ചടങ്ങു നടത്തുന്നതിനെ വിലക്കിയിരുന്നു. പക്ഷെ ഇതു മറികടന്നതോടെ നാട്ടുകാര്‍ പൊലീസിനെയും കളക്ടറെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം.ആന്റണി, രാജപുരം ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുര്‍ബാന നിര്‍ത്തിച്ച് വൈദികര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.