`കൊറോണയാണ് സാറേ… മാറിക്കോ…´: വാഹനപരിശോധനക്കിടെ കൊറോണയാണെന്ന് ആംഗ്യം കാട്ടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പൊക്കി

single-img
17 March 2020

വാഹനപരിശോധനയ്ക്കിടെ തനിക്ക് കൊറോണയാണെന്ന് ആംഗ്യം കാട്ടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പൊക്കി. കൊല്ലം ചിന്നക്കടയില്‍ വാഹനപരിശോധനക്കായി പൊലീസ് കൈ കാണിച്ചപ്പോഴാണ് തനിക്കു  കോവിഡാണെന്ന് ആംഗ്യം കാട്ടി ഇയാൾ വാഹനം നിർത്താതെ പോയത്. വാഹനത്തിൻറെ നമ്പർ വച്ച് പോലീസ് ആളെ കണ്ടെത്തുകയായിരുന്നു. 

പൊലീസ് കൈ കാണിച്ചപ്പോള്‍ ആംഗ്യം കാട്ടി കടന്നു കളഞ്ഞ മുണ്ടയ്ക്കല്‍ സ്വദേശിയാണ് കുടുങ്ങിയത്. രക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് ഉടന്‍ ട്രാഫിക് എസ്‌ഐ എ.പ്രദീപിന്റെ വിളിയെത്തുകയായിരുന്നു. 

എന്താണ് വാഹനം നിർത്താതെ പോയതെന്ന ചോദ്യത്തിന് ‘കൊറോണ കാലമല്ലേ’ എന്നായിരുന്നു അയാൾ ഉത്തരം പറഞ്ഞത്. പനിയാണെന്നും ഡോക്ടര്‍ 14 ദിവസം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും വാഹന ഉടമ പൊലീസിനോടു പറഞ്ഞു. 

അങ്ങനെയാണെങ്കിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് അറിയിച്ചു. ഉടൻ നിലപാട് മാറ്റിയ യാത്രക്കാരൻ  ‘വേണ്ട സാറെ ഞാന്‍ സ്‌റ്റേഷനില്‍ വരാ’മെന്നായി. ഉടന്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. 

അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കേസ് ഈസ്റ്റ് പൊലീസിനു കൈമാറി.