കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിനി നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി; കോഴിക്കോട് സഞ്ചരിച്ചത് ഓട്ടോയില്‍

single-img
17 March 2020

കൊറോണ വൈറസ് ഇന്ന് സ്ഥിരീകരിച്ച മാഹി സ്വദേശിനി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി. ഇവര്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങുകയുണ്ടായി. ടൂടോയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും പിന്നീട് ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു എന്ന് തെളിഞ്ഞിട്ടുണ്ട്.

നാട്ടില്‍ എത്തിയശേഷം ഇവര്‍ അയല്‍വീടുകള്‍ സന്ദര്‍ശിച്ചെന്നും വ്യക്തമായി. ചികിത്സയില്‍ ഇരിക്കെ ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും പോയി എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തി മാഹി ജനറല്‍ ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ ബീച്ച് ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കും എന്നും രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റൂട്ട് മാപ്പ് തയ്യാറാക്കും എന്നും കോഴിക്കോട് കളക്ടര്‍ അറിയിച്ചു.

ഇവര്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മാഹിയിലെത്തിയത് . നിലവില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇപ്പോള്‍ ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.