കൊറോണ: സന്ദര്‍ശകരുടെ കൈകളില്‍ അനുവാദമില്ലാതെ ഗോമൂത്രം തളിച്ച് ഇസ്‌കോണ്‍ ഹരേകൃഷ്ണ പ്രസ്ഥാനം

single-img
16 March 2020

മഹാരാഷ്ട്രയിലെ മുംബൈ ജുഹുവിലുള്ള ഇസ്കോണില്‍ (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസ് – ഹരേകൃഷ്ണ പ്രസ്ഥാനം) വരുന്ന സന്ദര്‍ശകരുടെ കയ്യില്‍ അനുവാദമില്ലാതെ ഗോമൂത്രം തളിച്ചെന്ന് റിപ്പോര്‍ട്ട്.

കൊറോണ ഭീതി വ്യാപകമാകുന്നതിനെ തുടർന്ന് ശുദ്ധീകരണമെന്ന പേരിലാണ് സമ്മതമില്ലാതെ ഗോമൂത്രം തളിച്ചത്. സ്ഥാപനത്തിലെ സുരക്ഷാ ജോലി ചെയ്യുന്നവരാണ് ഇത് ചെയ്തതെന്ന് ഇസ്കോണ്‍ അറിയിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ക്വിന്‍റ് റിപ്പോർട്ട് ചെയ്തു. അതേസമയം തങ്ങളുടെ സമ്മതമില്ലാതെയാണ് ഇത് ചെയ്തതെന്ന് സന്ദര്‍ശകര്‍ ആരോപിച്ചു.

കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് തങ്ങൾ ഇത് ചെയ്തതെന്ന് ആരോപണം സമ്മതിച്ച് ഇസ്കോണ്‍ പറഞ്ഞു. സന്ദർശകരുടെ കൈകളിൽ ഗോമൂത്രം തളിക്കുന്നതിന് മുമ്പ് അത് ഗോമൂത്രം ആണെന്ന് സന്ദര്‍ശകരോട് സുരക്ഷാ ജീവനക്കാരന്‍ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്‍റെ ലഭ്യതക്കുറവാണ് ഗോമൂത്രം ഉപയോഗിക്കാന്‍ കാരണമെന്നും ഈമാസം 15 ന് മാത്രമാണ് ഇത് ഉപയോഗിച്ചതെന്നും ഇസ്കോണ്‍ അധികൃതര്‍ പറഞ്ഞു. പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഗോവിന്ദ റെസ്റ്റോറന്‍റ് സന്ദര്‍ശിച്ച രാജു പി നായരാണ് തന്‍റെ കയ്യില്‍ അനുവാദമില്ലാതെ തന്‍റെ കയ്യില്‍ ഗോമൂത്രം തളിച്ചതായി ട്വീറ്റ് ചെയ്തത്.