കൊറോണ: ബ്രിട്ടനിൽ നിന്നും വന്ന ഡിജിപിയെ നീരീക്ഷണത്തിൽ വച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളി

single-img
15 March 2020

ബ്രിട്ടൻ സന്ദർശന ശേഷം തിരികെയെത്തിയ സംസ്ഥാന ഡിജിപി ലോക് നാഥ് ബെഹ്റയെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നീരീക്ഷണത്തിൽ വച്ചോയെന്ന് കേരളാ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ മാസം മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ഡിജിപിയുടെ ബ്രിട്ടൺ പര്യടനം.

ബ്രിട്ടൻ പോലെ ഒരു രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പോലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. കേരളത്തിൽ ഈ മാസം നാല് മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഉൾപ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം.

നിയമം എന്ന രീതിയിൽ എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രിട്ടൺപര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പോലീസ് മേധാവിക്കു ബാധകമാക്കിയോ എന്ന ആശങ്കയാണ് ഉയരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളത്തിൽ പ്രൈം ടൈമിൽ വാർത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് തുടരെ തുടരെ പറയുന്നത്. അത് ശരിയാണെങ്കിൽ ഡിജിപിയെ നിരീക്ഷിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.