കൊറോണ തടയാം വെറും 11 രൂപയ്ക്ക്: മാസ്ക് ധരിക്കാതെ വന്ന് ഇതു വാങ്ങാൻ ആഹ്വാനം

single-img
15 March 2020

കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്തെ ജനങ്ങളെ മുഴുവൻ ഭയത്തിൽ നിർത്തുകയാണ്. രാജ്യത്ത് കോറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. അതിനിടെ കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നറിയാത്തവര്‍ അബദ്ധങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ചെന്നുചാടുന്നുവെന്നുള്ളതാണ് ഏറ്റവും വിഷമകരം. 

 അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട വ്യാജആള്‍ ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശമുള്ള മാന്ത്രിക കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ആള്‍ദൈവം പറയുന്നത്.  ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്ന് വാങ്ങുന്നത് പതിനൊന്ന് രൂപയാണ്. 

കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കൈയില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡ് വെച്ചിട്ടിണ്ട്. നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിനാളുകളാണ് ഇയാളുടെ കടയില്‍ എത്തിയത്. 

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്നും ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചതായും പൊലീസ് പറയുന്നു