ബ്രിട്ടീഷ് പൌരന് കോവിഡ് 19: മൂന്നാറിൽ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കുന്നു

single-img
15 March 2020

മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയ ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കും. ഇതോടൊപ്പം ആയുർവേദ, സ്പാ കേന്ദ്രങ്ങളും അടയ്ക്കണം. മൂന്നാർ കേന്ദ്രീകരിച്ചുള്ള ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും. നെടുമ്പാശേരിയില്‍ നിന്നും ദുബായിലേക്ക് പോകാൻ തയ്യാറെടുത്ത വിമാനത്തില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനെ തിരിച്ചിറക്കിയത്.

നിലവിൽ ഇയാളും ഭാര്യയും ഐസൊലേഷനിലാണ്. ഇയാളോടൊപ്പം ഉണ്ടായിരുന്ന 17 വിദേശികളും നിരീക്ഷണത്തിലാണ്. അതേസമയം വിമാനത്തിലുണ്ടായിരുന്ന 270 പേര്‍ ആരോഗ്യ പരിശോധനക്ക് ശേഷം ദുബൈയിലേക്ക് പോയി. വിനോദ സഞ്ചാരത്തിനായി ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്.

തുടർന്ന് മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്നേദിവസം പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കെടിഡിസിയുടെ ടീ കൌണ്ടി റിസോര്‍ട്ടില്‍ താമസിച്ച ഇയാളെയും കൊണ്ട് ആരോഗ്യ വകുപ്പ് പ്രവർത്തകർ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തുകയും റിസോര്‍ട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. ടെസ്റ്റിൽ ഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ച രാത്രി 10.30ന് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.