കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

single-img
14 March 2020

മലയാളത്തിലെ പ്രശസ്ത കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1942ൽ നടന്ന ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. വിദ്യാഭ്യാസ കാലയളവിൽ തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി.

ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പേരിൽ 1947 ജൂണ്‍ മാസം മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. വിദ്യാഭ്യാസ ശേഷം വർക്കല എസ് എൻ കോളജിൽ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് ഭാഷകളിൽ നിന്നുമായി നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

എഴുത്തിന്റെ വഴികളിൽ എഴുത്തച്ഛൻ പുരസ്കാരം,കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് , കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ് എന്നിവ തേടിവന്നു. ഇതോടൊപ്പം തന്നെ അദ്ദേഹത്തിന് വള്ളത്തോൾ പുരസ്കാരം, മഹാകവി പി അവാർഡ്, ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കുമാരനാശാൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.