കരുണ സംഗീത നിശ: ആഷിക് അബുവും സംഘവും തട്ടിപ്പ് നടത്തിയിട്ടില്ല എന്ന് ക്രൈം ബ്രാഞ്ച്

single-img
14 March 2020

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് പണം ഇടപാടിൽ ആഷിക് ആഷിക് അബുവും സംഘവും തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പക്ഷെ മുൻനിശ്ചയിച്ചതിലും നിന്നും വിഭിന്നമായി പ്രളയശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആഷിക് അബുവും സംഘവും കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ നിന്ന് ലഭിച്ച പണം പൂര്‍ണമായി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയില്ലെന്നായിരുന്നു ആരോപണം.

ആരോപണം വിവാദമാകുകയും പരാതി ലഭിക്കുകയും ചെയ്തപ്പോൾ ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. പരിപാടി കാണാൻ എത്തിയവരിൽ നല്‍കിയതില്‍ ഭൂരിഭാഗവും സൗജന്യ ടിക്കറ്റുകളായിരുന്നു. അന്വേഷണവുമായി സംബന്ധിച്ച റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം ഉടന്‍ സമര്‍പ്പിക്കും. 2019 നവംബര്‍ മാസം ഒന്നിനാണ് സംവിധായകന്‍ ആഷിക് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകന്‍ ബിജിപാല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ സംഗീത നിശ നടത്തിയത്.

പരിപാടിയില്‍ ആകെ 3978 പേര്‍ പങ്കെടുത്തതില്‍ 3070 പേര്‍ സൗജന്യമായാണ് സംഗീത നിശ കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. സംഘാടകർക്ക് 6,21,970 രൂപ മാത്രമാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതെന്നും പരിപാടിയുടെ നടത്തിപ്പിനായി സംഘാടകര്‍ക്ക് 21 ലക്ഷത്തോളം രൂപ ചെലവായി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.