അവര്‍ സത്യത്തില്‍ ഒരു ഹീറോയാണ്; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് നടി രഞ്ജിനി

single-img
14 March 2020

കേരളത്തില്‍ കൊറോണ ഭീതിപരത്തുമ്പോഴും പതറാതെ പ്രതിരോധിക്കുന്ന ആരോഗ്യവകുപ്പിനെയും മന്ത്രി കെ കെ ശൈലജയേയും നിരവധിപ്പേര്‍ പ്രശംസിച്ചിട്ടുണ്ട്. നിപ്പ കാലത്തും ഇപ്പോള്‍ കൊറോണയിലും സജീവമായി പ്രതിരോധപരിപാടികളെ ഏകോപിപ്പിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ.

നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയപ്പോള്‍ സിനിമാ രംഗത്തെ നിരവധി പേരാണ് മന്ത്രിയെ പിന്തുണച്ച്‌ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ ചലച്ചിത്ര താരം രഞ്ജിനിയാണ് ആരോഗ്യമന്ത്രിക്ക് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. അവര്‍ സത്യത്തില്‍ ഒരു ‘ഹീറോ’ തന്നെയാണ്…. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്. അവരോട് സ്നേഹം മാത്രം …രഞ്ജിനി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

‘നമ്മുടെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെക്കുറിച്ച്‌ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. നാട്ടില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇപ്പോള്‍ കൊറോണ വൈറസ് അടക്കം നാട്ടിലെത്തിയ പല ആരോഗ്യപ്രശ്‌നങ്ങളും അവര്‍ നേരിട്ടത് നോക്കിയാല്‍ അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്.

എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്. അവരോട് സ്‌നേഹം മാത്രം. നിങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കൂ എന്ന് നിങ്ങള്‍ വിളിക്കാറുള്ളതുപോലെ നിങ്ങളുടെ മാണിക്യച്ചെമ്ബഴുക്ക. പ്രതിസന്ധികള്‍ നേരിടുന്നതിലെ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.