കേരളത്തിന് ഇനിയുള്ള ഏഴു ദിവസങ്ങൾ നിർണായകം; കൊറോണയിൽ കനത്ത ജാ​ഗ്രതയിൽ സംസ്ഥാനം

single-img
12 March 2020

പ​ത്ത​നം​തി​ട്ട: കൊറോണ വെെറസ് ബാധയുടെ വ്യാപനത്തിൽ ആശങ്കക്കും ആശ്വാസത്തിനും ഇടയിൽ കേരളത്തിന് ഇനിയുള്ള ഏഴു ദിവസങ്ങൾ നിർണായകം. ​ജില്ല​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ 10 പേർ​ക്ക്​ രോ​ഗ​മി​ല്ലെ​ന്ന പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​ത്​ നേ​രി​യ ആ​ശ്വാ​സ​ത്തി​ന്​ വ​ക ന​ൽ​കി​യ ദി​വ​സ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച. എ​ങ്കി​ലും ഏ​ഴു ദി​വ​സം​കൂ​ടി നി​ർ​ണാ​യ​ക​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 25 പേ​രാ​ണ് നി​ല​വി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, ര​ണ്ട്​ വ​യ​സ്സു​ള്ള കു​ട്ടി എ​ന്നി​വ​രു​മു​ണ്ട്​. 932 പേ​ർ പ​ത്ത​നം​തി​ട്ട​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​വ​രി​ൽ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ്​​ഥി​തി നി​യ​ന്ത്ര​ണ​ത്തി​ലാ​കും. മ​റി​ച്ചാ​യാ​ൽ വ​ലി​യ ആ​ശ​ങ്ക​യി​ലാ​കും സം​സ്​​ഥാ​നം.

കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്‍റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളണം. വളരെ നേരത്തേ മുന്‍കരുതലുകള്‍ എടുത്തത് ഗുണകരമായി. പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. പക്ഷേ വിശ്രമിക്കാറായിട്ടില്ല. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിന് മതമേലധ്യക്ഷന്‍മാര്‍ക്ക് നന്ദിയുണ്ടെന്ന് ആരോ​ഗ്യ മന്ത്രി കെ.കെ ശെെലജ പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചു വരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. മന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്നെത്തും. 25 പേരാണ് ഐസൊലേഷന്‍ വാര്‍‍‍ഡുകളിലുള്ളത് . ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ഒ​രാ​ഴ്​​ച​ക്ക​കം ചി​ല​ർക്കെങ്കി​ലും ഫ​ലം പോ​സി​റ്റി​വാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ അ​ധി​കൃ​ത​ർ മു​ന്നി​ൽ കാ​ണു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പ​രി​ച​രി​ക്കാ​ൻ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​യോ മാ​പ്പ് ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മുന്നറിയിപ്പുണ്ട്.