3 മില്യണ്‍ കാഴ്ചക്കാരുമായി മരയ്ക്കാര്‍ ഹിന്ദി ട്രെയ്‌ലര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

single-img
12 March 2020

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് ആറിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമായിരുന്നു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകളിലായാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ബഹുഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങിയ ട്രെയ്ലറുകള്‍ ഇപ്പോഴും ഇന്ത്യ മുഴുവന്‍ ട്രെന്‍ഡിംഗാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മൂന്ന് മില്യണിലധികം പ്രേക്ഷകരാണ് ഹിന്ദി ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. 3,676,274 പേരാണ് ഇതുവരെ ഹിന്ദി ട്രെയ്ലര്‍ കണ്ടത്. ട്രെയ്‌ലര്‍ ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ സംവിധായകന്‍ പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും സുനില്‍ ഷെട്ടിയെയും പുകഴ്തി രംഗത്തുവന്നിരിക്കുകയാണ്.

ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മരയ്ക്കാര്‍ മാര്‍ച്ച് 26ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിലെ ട്രെയ്‌ലറിനു പുറമേ ടീസറിനും, പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.