ബിജെപി അംഗത്വം സ്വീകരിച്ച് ജോതിരാദിത്യ സിന്ധ്യ

single-img
11 March 2020

ഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് സിന്ധ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച സിന്ധ്യ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചപ്പോള്‍ മുതല്‍ ഈ നീക്കം പ്രതീക്ഷിച്ചിരുന്നതാണ്.

സിന്ധ്യയുടെ ബിജെപി പ്രവേശത്തോടെ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.സിന്ധ്യയെ അനുകൂലിച്ച് മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിക്കത്തുകള്‍ സമര്‍പ്പിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ 107 എംഎല്‍എമാരുള്ള ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടും. 230 അംഗ നിയമസഭയില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയായിരുന്നു കമല്‍നാഥിന്റെ ഭരണം.

കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് സിന്ധ്യയെ ബിജെപി പിടികൂടിയത്. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ ഒഴിവുകളിലേക്ക് 26-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിന്ധ്യയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം, ബിജെപിക്ക് സര്‍ക്കാരുണ്ടാന്‍ അവസരം കിട്ടിയാല്‍ ആരാകും മുഖ്യന്‍ എന്ന ചോദ്യം ഇപ്പോള്‍ ഉരുന്നുണ്ട്. അതിനിടെ നേതാക്കള്‍ ചെറിയ രീതിയിലുള്ള പോരിന് വഴിവെക്കുന്ന സൂചനകളും ലഭിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളായ നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പരിശ്രമിക്കുന്നതായാണ് സൂചന. മുന്‍ മുഖ്യമന്ത്രികൂടിയായ ചൗഹാനൊപ്പമാണ് കേന്ദ്ര നേതൃത്വം. ചൗഹാന്‍ ഇന്ന് കേന്ദ്ര നേതാക്കളെ കാണുമെന്നും സൂചനയുണ്ട്.