തോക്കുകളുമായി ബിജെപി നേതാവിന്റെ അറസ്റ്റ്; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

single-img
11 March 2020

കോട്ടയം: കോട്ടയം ജില്ലയിൽ പള്ളിക്കത്തോടിനടുത്ത് പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ആർഎസ്എസ് ബിജെപി ജില്ലാ നേതാവുമായ കോട്ടയം മുക്കാലി കദളിമറ്റം കെ എൻ വിജയനാണ് മാരകായുധങ്ങളുമായി പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. ഇയാൾ ആർഎസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുൻ അധ്യാപകനും നിലവിലെ ബോർഡ് സെക്രട്ടറിയുമാണ്.

അറസ്റ്റിലായവരിൽ നിന്നും റിവോൾവറുകൾ, തോക്ക് നിർമിക്കാനാവശ്യമായ സാമഗ്രികൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ നിന്നാണ് ആയുധകൾ കണ്ടെത്തിയത്. അറസ്റ്റിലായവർക്ക് തോക്ക് നിർമാണവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവമാണിത്. അന്തർസംസ്ഥാനബന്ധം സംശയിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തെ സംബന്ധിച്ച് ബിജെപി നേതൃത്വം സ്വീകരിക്കുന്ന മൗനം സംശയകരമാണ്. അറസ്‌ററിലായ ബിജെപി നേതാവിന് പ്രധാനപ്പെട്ട ചില സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധം കൂടുതൽ ദുരൂഹതകൾ സൃഷ്ടിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.