ചെന്നിത്തലയ്ക്ക് എതിരെ `വാർ റൂം´ തുറന്ന് യുത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ട് കെസി വേണുഗോപാൽ: വീണ്ടും പരാജയം

single-img
10 March 2020

സംസ്ഥാന യുത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിക്കു വേണ്ടി `വാർ റൂം´ തുറന്നുവെങ്കിലും തോൽവി ഏറ്റുവാങ്ങി കെസി വേണുഗോപാൽ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെസി വേണുഗോപാലും പിസി വിഷ്ണുനാഥും ഒരുമിച്ചു പോരാടിയിട്ടും യൂത്ത്കോൺഗ്രസ് ആലപ്പുഴ ജില്ല നിന്നത് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടൊപ്പമാണ്. ചെന്നിത്തലയുടെ ആശിർവാദത്തോടെ മത്സരരംഗത്തിറങ്ങിയ റ്റിജിൻ ആലപ്പുഴ യൂത്ത്കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 

കെസി -പിസി വിഭാഗം സംയുക്ത സ്ഥാനാർഥി ആയിരുന്ന അസ്‌ലം 81 വോട്ടുകൾക്ക് റ്റിജിനോട് പരാജയപ്പെടുകയായിരുന്നു. ആലപ്പുഴയിലെ എ ഗ്രൂപ്പ് ജനറൽ സെക്രട്ടറി സ്ഥാനാർഥി ആയ നൗഫൽ 1123 വോട്ടും കെസി വേണുഗോപാൽ ഗ്രൂപ്പിലെ ബിനു ചുള്ളിയിൽ 2089 വോട്ടും നേടി. ഈ രണ്ട് കൂട്ടരുടെയും വോട്ടിനൊപ്പം 159 വോട്ട് മാത്രമാണ് അസ്‌ലത്തിനു നേടാൻ കഴിഞ്ഞത്. 3371 വോട്ടാണ് അസ്‌ലം ആകെ നേടിയത്. 

അസ്‌ലത്തിനു വേണ്ടി കൊണ്ടുപിടിച്ച പ്രചരണമാണ് കെസി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടന്നത്. ഒരു സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലുള്ള ഒരുക്കങ്ങളോടെയാണ് കെസി- പിസി വിഭാഗം രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഒന്നിച്ചത്. എന്നാൽ ഈ ഒരുക്കങ്ങളെല്ലാം കർണ്ണാടകയിലെ വാർറൂം തകർച്ചയെ അനുസ്മരിപ്പിക്കുന്നവിധം പരാജയമാകുകയായിരുന്നു. 

ചേർത്തലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് ശ്രീകുമാറിനെയാണ്  ആലപ്പുഴ പ്രസിഡന്റ്‌ റിബൽ സ്ഥാനാർഥിയായി കണ്ടെത്തിയത്. ഏ ഗ്രൂപ്പ് കാരനായ ചേർത്തലയിലെ ശരത് ആണ് കെസിക്ക് വേണ്ടി ചരട് വലിച്ചത്. ഹരിപ്പാട് നിന്നുള്ള  അസ്‌ലത്തിനെ നിർത്തി വിജയിച്ചാൽ രമേശ്‌ ചെന്നിത്തലയ്ക്ക് നൽകാവുന്ന ഷോക്ക് ആയിരിക്കും എന്ന് കണക്ക് കൂട്ടി പിസി വിഷ്ണുനാഥ് ആണ് ഐ ഗ്രൂപ്പ് കാരനായ അസ്‌ലത്തിന്റെ പേര് കെസിക്ക് ചൂണ്ടിക്കാട്ടിയത്. ശ്രീകുമാറിനെ കെസി കൈവിട്ടതോടെ ശരത്തും കൂട്ടരും ചെറിയ നീരസത്തിലാവുകയും ചെയ്തു. 

 ചേർത്തല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ശരത്തിന്റെ വിശ്വസ്‌തൻ  വിമലിനെ വിജയിപ്പിക്കാൻ കെസി വിഭാഗത്തിന്റെ പിന്തുണ വേണ്ടിയിരുന്നു. ഇതിനാൽ ശരത്തും കൂട്ടരും പരസ്യമായി പ്രതിഷേധിച്ചിരുന്നില്ല. രമേശ്‌ ചെന്നിത്തലയ്ക്ക് എതിരായി നീങ്ങരുത് എന്ന്  ഉമ്മൻ‌ചാണ്ടി നിർദേശിച്ചിരുന്നെങ്കിലും പിസി വിഷ്ണുനാഥ് വിഭാഗം മുഖവിലയ്ക്ക് എടുത്തില്ല.കെസി വേണുഗോപാൽ വിഭാഗവും പിസി വിഷ്ണുനാഥ് വിഭാഗവും ഒരുമിച്ചു എതിർത്തിട്ടും വിജയം കൈപ്പിടിയിൽ ഒതുക്കിയ ആഹ്ലാദത്തിലാണ് രമേശ്‌ ചെന്നിത്തല വിഭാഗം.