ടോയ്‌ലറ്റ്‌ പേപ്പർ കിട്ടാനില്ല: അച്ചടിക്കാത്ത എട്ടുപേജുകൾ ഇറക്കി പത്രം

single-img
9 March 2020

കൊറോണ ഭീഷണി പടരുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. ജനങ്ങള്‍ വന്‍തോതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി കൂട്ടിയപ്പോള്‍ ടോയ്‌ലറ്റ്‌ കടലാസിനാണ് ഏറ്റവും കൂടുതൽ ക്ഷാമം നേരിട്ടത്. ടോയ്‌ലറ്റ്‌ പേപ്പറിൻ്റെ ക്ഷാമം പരിഹരിക്കാൻ അച്ചടിക്കാത്ത പേജുകളുമായാണ് ഒരു ഓസ്‌ട്രേലിയന്‍ പത്രം പുറത്തിറങ്ങിയത്. 

ഓസ്‌ട്രേലിയന്‍ പത്രം എന്‍ടി ന്യൂസാണ്‌ സാമൂഹിക പ്രതിബദ്ധതയോടെ അച്ചടിക്കാത്ത പേജുകള്‍ പത്രത്തിനൊപ്പം ഇറക്കിയത്‌. “അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പത്രത്തിനുള്ളില്‍ ഞങ്ങള്‍ എട്ടു പേജുകള്‍ അച്ചടിക്കാത്ത പേജുകള്‍ ഉള്‍പ്പെടുത്തുന്നു” എന്ന്‌ പത്രം ട്വീറ്റ്‌ ചെയ്‌തിരുന്നു. 

പത്രത്തിൻ്റെ നീക്കത്തില്‍ ഉപഭോക്‌താക്കളുടെ ഇടയില്‍നിന്നു മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. കോവിഡ്‌-19 ഭീതിയില്‍ ജനങ്ങള്‍ വന്‍ തോതില്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടിയതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്നും ടോയ്‌ലറ്റ്‌ പേപ്പറുകള്‍ അപ്രത്യക്ഷമായിരുന്നു.