സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം; ഷാഫി പറമ്പില്‍ പ്രസിഡന്റ്

single-img
8 March 2020

ദീർഘകാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വമായി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് പുതിയ പ്രസഡിന്‍റ്. കെഎസ് ശബരിനാഥ്, എന്‍എസ് നുസൂര്‍, എസ്എം ബാലു എന്നിവരുള്‍പ്പെടെ ആറ് വൈസ് പ്രസിഡന്‍റമാരുണ്ട്.

പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. കോൺഗ്രസിലെ എ ഗ്രൂപ്പുകാരനായ ഷാഫി പറമ്പില്‍ മുൻപേ തന്നെ കെഎസ്യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവിൽ 27 ജനറല്‍ സെക്രട്ടറിമാരും 35 സംസ്ഥാന സെക്രട്ടറിമാരും കൂടി ഉള്‍പ്പെടുന്നതാണ് പുതിയ സംസ്ഥാന കമ്മറ്റി.

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രമ്യ ഹരിദാസും വിദ്യ ബാലകൃഷ്ണനും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിനൊപ്പം തന്നെ വിവിധ ജില്ല, മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. ആലപ്പുഴ, എറണാകുളം, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും സമവായത്തിലൂടെയാണ് പ്രസിഡന്‍റുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ചു മാസം 12ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.