കൊറോണ: ചാണകവും ഗോമൂത്രവുമൊന്നും കഴിക്കാതെ ഡോക്ടറെ അനുസരിക്കാൻ മോദിയുടെ ഉപദേശം

single-img
7 March 2020

ഡല്‍ഹി: ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് ഇ സാഹചര്യത്തില്‍രാജ്യ വ്യാപകമായി കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിവരികയാണ്. ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി വിവധ വകുപ്പുകള്‍ മുന്നിലുണ്ട്.

വൈദ്യശാസ്ത്രത്തിലെ അറിവുകളുമായി രാജ്യത്തെ കൊറോണയില്‍ നിന്ന് വിമുക്തമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തര്‍ പരിശ്രമിക്കുന്ന സാഹചര്യത്തിലാണ്. അബദ്ധപ്രചാരണങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തു വന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും നിര്‍ദ്ദേശിച്ചവരുടെ കൂട്ടത്തില്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ ജനപ്രതിനിധികളും, സംഘപരിവാര്‍ സംഘടനകളും ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം പ്രസ്താവനകളെ തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരിക്കുന്നത്. വൈറസിന്റെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വീഴരുതെന്നാണ് ജനങ്ങളോടുള്ള മോദിയുടെ ഉപദേശം.

‘ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിക്കും. ചില ആളുകള്‍ അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളിക്കളയാം.’, എന്ത് ചെയ്യുന്നതും ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണം’പ്രധാനമന്ത്രി പറഞ്ഞു.

വൈറസ് ബാധയെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ ഒഴിവാക്കന്‍ ഹോളി ആഘോഷത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും മോദി നേരത്തെ അറിയിച്ചിരുന്നു.

കോറോണ ബാധയുമായി ബന്ധപ്പെട്ട് ചില സംഘപരിവാര്‍ നേതാക്കളുടെ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. ഗോമൂത്രവും ചാണകവും കൊറോണയെ പ്രതിരോധിക്കും എന്നായിരുന്നു അവരുടെ വാദം. ചില ബിജെപി നേതാക്കളും ഈ വാദത്തെ ഏറ്റി പിടിച്ചിരുന്നു. കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി നടത്തുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളിയാണ് പ്രധാന മന്ത്രിയുടെ മുന്നറിയിപ്പ്.