ആർഎസ്എസിനെ വിമർശിച്ചു; തീവെയ്പ്പും കല്ലേറും റിപ്പോർട്ട് ചെയ്തു: മീഡിയാ വണ്ണിനെ വിലക്കാൻ കേന്ദ്രസർക്കാർ പറഞ്ഞ കാരണങ്ങൾ

single-img
7 March 2020

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയാ വൺ ഏഷ്യാനെറ്റ് എന്നീ ചാനലുകൾക്ക് 48 മണിക്കൂർ നേരത്തേയ്ക്ക് വിലക്കിക്കൊണ്ടുള്ള കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്.

ഈ ചാനലുകളെ വിലക്കിയതിന് കാരണമായി മന്ത്രാലയം നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയും ജനാധിപത്യത്തിന് നേരേ തന്നെയുമുള്ള വെല്ലുവിളിയാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവർത്തകരും അഭിപ്രായപ്പെടുന്നു.

മീഡിയാവണ്ണിന് നൽകിയ നോട്ടീസിലെ പരാമർശങ്ങൾ

 • സിഎഎ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് മീഡിയാ വൺ ഡൽഹി കറസ്പോൻഡന്റ് ഹസനുല്‍ ബന്ന ടെലിഫോണിലൂടെ റിപ്പോര്‍ട്ട് ചെയ്തു.
 • ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
 • മൂന്ന് സമരപ്പന്തലുകളിൽ നിന്നും സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ ഓടിക്കുന്നതിൽ സിഎഎ അനുകൂലികൾ വിജയിച്ചുവെന്നും സിഎഎ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും മീഡിയാവൺ റിപ്പോർട്ട് ചെയ്തു.
 • മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.
 • തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.
 • ചന്ദ് ബാഗിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്തു.
 • സിഎഎ അനുകൂലികളുടെ അക്രമങ്ങളെ റിപ്പോർട്ട് കൂടുതൽ ഫോക്കസ് ചെയ്തു.
 • കല്ലേറ്, തീവെയ്പ്പ് എന്നിവയും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ചാനൽ വാർത്തയിൽ ഉൾപ്പെടുത്തി.
 • ആര്‍എസ്എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.
 • ഡല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
 • ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശനാത്മകമായി സമീപിച്ചു.
 • ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് കലാപത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.

ഇത്തരത്തിൽ യാതൊരു യുക്തിയുമില്ലാത്തതും സാമാന്യനീതിയില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസിൽ നിറയെ അക്ഷരത്തെറ്റുകൾ ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.