മാധ്യമ വിലക്ക്: കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം- കോം ഇന്ത്യ

single-img
7 March 2020

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോം ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. വാർത്ത ചാനലുകളെ തടഞ്ഞു അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമം.

വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രമാണിത്. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയവർക്കെതിരെ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പോലീസിനെതിരെ ചെറുവിരൽ അനക്കാത്തവരാണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.

സംഭവത്തിൽ കേരള നിയമസഭാ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്തു നിന്നും ഇതിനുള്ള നടപടി കൈക്കൊള്ളണമെന്നും അഭ്യർത്ഥിക്കുകയാണ്. ഭീഷണികളിലൂടെ മാധ്യമങ്ങളുടെ വായടപ്പിക്കാമെന്ന ധാരണ പൊതു സമൂഹത്തിൽ വിലപോകില്ലെന്നും കോം ഇന്ത്യ പ്രസിഡന്റ് വിൻസന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൽ മുജീബ് , ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.