ഏഷ്യാനെറ്റ് വിലക്ക് പിൻവലിച്ചു: മീഡിയവണ്ണിൻ്റേത് തുടരും

single-img
7 March 2020

കേന്ദ്രസര്‍ക്കാര്‍ പ്രമുഖ മലയാളം വാര്‍ത്ത ചാനലല്‍ ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. എന്നാല്‍ മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നാണ് സൂചനകൾ. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രക്ഷേപണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്. കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. 

കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അടിയന്തിരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.