മാര്‍വല്‍ ചിത്രം ‘ബ്ലാക്ക് വിഡോ’ ഏപ്രില്‍ 30ന് റിലീസ് ചെയ്യും

single-img
6 March 2020

ലോകത്ത് ആരാധകരെ ആവേശം കൊള്ളിച്ച സൂപ്പര്‍ ഹീറോ സിനിമകള്‍ ഒരുക്കിയ മാര്‍വലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. മാര്‍വല്‍ കോമിക്സിലെ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിലൂടെ സ്‌ക്രീനില്‍ എത്തിക്കുന്നത്. സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ സിനിമകളിലൂടെ അരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മാര്‍വല്‍ ആരാധകര്‍. ചിത്രം ഏപ്രില്‍ 30ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.

ജാക്ക് ഷാഫറും നെഡ് ബെന്‍സണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കേറ്റ് ഷോര്‍ട്ട്ലാന്റ് ആണ്. സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ ആണ് ബ്ലാക്ക് വിഡോ ആയെത്തുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്‌ലോറന്‍സ് പഗ്, ഫാഗെന്‍, റേച്ചല്‍ വീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2016ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍ എന്ന ചിത്രത്തിലെ കഥയ്ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ പ്രമേയം.