ആചാരാനുഷ്ഠാനങ്ങളിൽ പൊലീസ് ഇടപെടരുത്: യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട വെളിച്ചപ്പാടിന് പിന്തുണയുമായി ബിജെപി

single-img
4 March 2020

കാഞ്ഞാണി : രണ്ട് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ ക്ഷേത്രത്തിലെ കോമരത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കൾ. ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എതിർക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്താശയോടെ കേസാണിതെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. ഹൈന്ദവപ്രസ്ഥാനത്തിലെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന നടപടിക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ബി.ജെ.പി. മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സുരേഷ് കാരണയിൽ എന്നിവർ പറഞ്ഞു.

മണലൂർ പാലാഴി സ്വദേശി കാരണത്ത് ജോബിന്റെ ഭാര്യ ശ്യാംഭവിയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവവുമായി ബന്ധപ്പെട്ടാണ് കോമരം പാലാഴി കാരണത്ത് വീട്ടിൽ ശ്രീകാന്തി(25)നെ അറസ്റ്റ് ചെയ്തത്.ക്ഷേത്രോത്സവത്തിലെ ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ‘കല്പന പറഞ്ഞത്’ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 306 പ്രകാരം, ആത്മഹത്യയിലേക്ക് ഉടൻ നയിക്കുന്നതിന് കാരണമാക്കുന്ന പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ ശ്രീകാന്തിനെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

ഫെബ്രുവരി 25ന് വലിയവീട്ടിൽ കാരണത്ത് ശ്രീമുത്തപ്പൻ-ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ടിന്റെ ഭാഗമായി തുള്ളി ‘കൽപന’ പുറപ്പെടുവിക്കുന്നതിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം പറഞ്ഞിരുന്നു. പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പുപറയണമെന്നും നിർദേശിച്ചു. ബന്ധുക്കളും വീട്ടുകാരുമടക്കം ഇരുനൂറോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു കൽപന. ചടങ്ങിനുശേഷം വീട്ടിൽ പോയ യുവതി പിറ്റേന്ന് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടർന്നുള്ള മനോവിഷമമാണ് മരണകാരണമെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.തെറ്റുചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടതില്ലെന്നും യുവതി സംഭവ സമയം തന്നെ വ്യക്തമാക്കിയിരുന്നതായി സഹോദരൻ പറഞ്ഞു. വീട്ടിലേക്ക്​ മടങ്ങിയ യുവതി ഗൾഫിലുള്ള ഭർത്താവ് ജോബി​െന​ ഫോൺ ചെയ്​ത്​ കാര്യങ്ങൾ ധരിപ്പിച്ചു. അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞ് യുവതി വിങ്ങിപ്പൊട്ടിയതായി ജോബിൻ പറഞ്ഞു.

സംഭവത്തിൽ അടുത്ത ബന്ധുവിനും പങ്കുണ്ടെന്നും പ്രേരണക്കുറ്റത്തിന് അറസ്​റ്റ്​ ചെയ്യണമെന്നും ആവശ്യപ്പെട്ട്​ ഭർത്താവ് ജോബിനും സഹോദരൻ മണികണ്ഠനും പൊലീസിൽ പരാതി നൽകി. നാളുകളായി യുവതിയെക്കുറിച്ച് വാട്സ്ആപ്പിലൂടെയും മറ്റും അപവാദപ്രചാരണം നടത്തിയിരുന്ന ബന്ധു പറഞ്ഞതനുസരിച്ചാണ് കോമരം കൽപന പുറപ്പെടുവിച്ചതെന്ന്​ ​ പരാതിയിൽ പറയുന്നു. അന്തിക്കാട് സി.ഐ. പി.കെ. മനോജ്കുമാർ, എസ്.ഐ. കെ.ജെ. ജിനേഷ്, സി.പി.ഒ.മാരായ ഷറഫുദീൻ, പി.എക്സ്. സോണി എന്നിവരടങ്ങുന്ന സംഘമാണ് കോമരത്തെ അറസ്റ്റ് ചെയ്തത്.ബന്ധുവിനെതിരെ തെളിവ്​ ലഭിക്കുന്നമുറക്ക് അറസ്​റ്റുണ്ടാകുമെന്ന്​ എസ്.ഐ ജിനേഷ് പറഞ്ഞു.

അതേ സമയം യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി, ഉടൻ നടപടിയെടുക്കണമെന്ന് പുരോഗമനകലാസാഹിത്യസംഘം മണലൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രേംശങ്കർ അന്തിക്കാട്, സെക്രട്ടറി വി.എസ്. അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. നരഹത്യയ്ക്ക് കേസെടുക്കണമെന്ന് മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീലാ വിജയകുമാർ, ജില്ലാ പ്രസിഡന്റ് എം. സ്വർണലത എന്നിവർ ആവശ്യപ്പെട്ടു.