വാര്‍ധക്യം ആസ്വദിക്കാം പൊലീസ് സ്റ്റേഷനില്‍; ‘സായാഹ്ന കൂട്’ ഒരുങ്ങുന്നു

single-img
3 March 2020

തിരുവനന്തപുരം: വാര്‍ധക്യത്തില്‍ ഒറ്റക്കായിപോയതോര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സമപ്രായക്കാരുമായി സല്ലപിക്കാനും, റേഡിയോ ഗാനങ്ങള്‍ കേട്ടിരിക്കുവാനും, പുസ്തകങ്ങള്‍ വായിച്ചിരിക്കുവാനും ഒരിടമൊരുങ്ങുന്നു. അതും പൊലീസ് സ്റ്റേഷന്റെ സുരക്ഷിതത്വത്തില്‍.

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് സായാഹ്ന കൂട് എന്ന പേരില്‍ വയോജനങ്ങള്‍ക്കിയി ഒരിടമൊരുങ്ങുന്നത്. വയോജന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ സംരഭമാണ് മലയിന്‍ കീഴ് പൊലീസ് സ്റ്റേഷനില്‍ പുരോഗമിക്കുന്നത്.

വയോജനങ്ങള്‍ക്കു വേണ്ടിയുള്ള ഈ ‘കൂടി’ല്‍ കാറ്റും വെളിച്ചവും കടക്കുന്ന തരത്തില്‍ പണിത ചെറിയ കെട്ടിടം ആണ് പ്രധാന നിര്‍മ്മിതി. സോപാനത്തിലും തറയിലും മനോഹരമായ ടൈലുകള്‍ പാകി മോടി പിടിപ്പിച്ചുണ്ട്. ഇതില്‍ റേഡിയോയും ചെറിയ വായനശാലയും സ്ഥാപിക്കും. തൊട്ടു മുന്‍പിലുള്ള പൂന്തോട്ടത്തില്‍ ഇരിപ്പിടങ്ങളും ചെറിയ കുളവും എല്ലാം ഉണ്ട്. ഇവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം.

സ്റ്റേഷനു കീഴിലെ വയോജന സമിതിയില്‍ സ്ത്രീകള്‍ അടക്കം 20 അംഗങ്ങള്‍ ആണ് ഉള്ളത്. സിഐ ബി.അനില്‍കുമാര്‍ (ചെയര്‍മാന്‍), എസ്‌ഐ എസ്.വി.സൈജു (വൈ. ചെയര്‍മാന്‍), വി.കെ.സുധാകരന്‍ ( കണ്‍ ), ബാബു രാജ് ( ജോ.കണ്‍) എന്നിവരടങ്ങുന്ന സംഘമാണ് മാതൃകാ സംരംഭത്തിനു പിന്നില്‍. നാട്ടുകാരുടെ പൂര്‍ണ പിന്തുണയും ഒപ്പമുണ്ട്.

മക്കളും കൊച്ചു മക്കളുമെല്ലാം തിരക്കിലേക്ക് പായുമ്പോള്‍ വീടുകളില്‍ ഒറ്റക്കിരുന്നു നിരാശരാകുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാകും പദ്ധതിയെന്ന് സംഘാടകര്‍ പറയുന്നു. 24 മണിക്കൂറും വയോധികര്‍ക്ക് ഇവിടെ വന്നിരിക്കാം. വിശ്രമിക്കുന്നതിനിടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊലീസുമായി പങ്കുവച്ച് പരിഹാരം കാണാനും സാധിക്കും.