സൗദി അറേബ്യയില്‍ ആദ്യ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

single-img
2 March 2020


റിയാദ്: സൗദിഅറേബ്യയില്‍ ആദ്യത്തെ കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തി പ്രവേശനകവാടം വഴി രാജ്യത്തേക്ക് തിരികെ എത്തിയപ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച കാര്യം സൗദി പൗരന്‍ അറിയിച്ചിരുന്നില്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി പൗരനെ പരിശോധിക്കുന്നതിന് പകര്‍ച്ചവ്യാധി പ്രതിരോധ സംഘത്തെ ആരോഗ്യ മന്ത്രാലയം അയക്കുകയായിരുന്നു. സാമ്പിള്‍ ശേഖരിച്ച് നടത്തിയ ലാബ് പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗി ഇപ്പോള്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും നിര്‍ണയിക്കുകയും ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന പൂര്‍ത്തിയായ ഉടന്‍ ഫലങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് എല്ലാവരും 937 എന്ന നമ്പറില്‍ ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും കിംവദന്തികള്‍ക്ക് പിന്നാലെ പോകരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.