അഴിമതിക്കാരനെന്ന് കണ്ടെത്തിയ അധ്യാപക നേതാവിനെതിരെ നടപടിയില്ല; സിപിഐ എം പ്രവർത്തകർക്കിടയിൽ അമർഷം

single-img
1 March 2020

സമഗ്രശിക്ഷ കേരള (എസ് എസ് കെ) പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അഴിമതി കാണിച്ചതായി ബോധ്യപ്പെട്ടിട്ടും അധ്യാപക സംഘടനാ നേതാവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ ഒരു വിഭാഗം സിപിഐ എം പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നു.

എസ്എസ്കെയുടെ എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ ആയ ജോസ്പെറ്റ് തെരേസ ജോസഫ് എന്ന അധ്യാപകനെതിരെയാണ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടർ നടപടിയ്ക്ക് ശുപാർശ ചെയ്തിരുന്നത്. പഴയ സർവ്വശിക്ഷാ അഭിയാൻ കൂടി ഉൾപ്പെടുന്ന പദ്ധതിയായ എസ്എസ്കെയിൽ അഴിമതി ശക്തമായതിനെത്തുടർന്ന് എറണാകുളം ജില്ലയിലെ ഒരു ഡിവൈഎഫ്ഐ നേതാവ് തന്നെയാണ് ജോസ്പെറ്റിനെതിരെ പരാതി നൽകിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സർവ്വീസ് ചട്ടപ്രകാരം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവർക്ക് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 8 കിലോമീറ്ററിൽ കൂടുതൽ ദൂരം പോകുന്നതിനേ യാത്രാബത്ത അനുവദിക്കുകയുള്ളൂ. എന്നാൽ ജോസ്പെറ്റ് ചെറിയ യാത്രകൾ പോലും എട്ടുകിലോമീറ്ററിൽ കൂടുതലെന്ന് കണക്കിൽ കാണിച്ച് അനധികൃതമായി എസ് എസ് കെയിൽ നിന്നും പണൻ തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൊച്ചി നഗരത്തിലെ ക്രസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന്റെ വ്യാജബില്ലുകൾ സമർപ്പിച്ച് ഫണ്ട് വെട്ടിച്ചതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണസംഘം സ്ഥാപനത്തിലെത്തി ചുമതലയുള്ള വൈദികനുമായി ചർച്ച ചെയ്തപ്പോഴാണ് അവിടെ അടച്ച തുകയും എസ്എസ്കെയിൽ സമർപ്പിച്ച ബില്ലിലെ തുകയും തമ്മിലുള്ള വ്യത്യാസം, തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇദ്ദേഹത്തിനെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ നാളിതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. മാത്രമല്ല കെഎസ്ടിഎ ഇയാൾക്കെതിരെ സംഘടനാ നടപടി പോലും സ്വീകരിച്ചില്ല എന്നത് അണികൾക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.