ഇടിമുറി, മർദ്ദനം, രാത്രിയിൽ ഉയരുന്ന നിലവിളികൾ: അഗതി മന്ദിരത്തിൽ മൂന്നുപേർ സമാന രീതിയിൽ മരിച്ച സംഭവത്തിൽഅടിമുടി ദുരൂഹത

single-img
1 March 2020

ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ അഗതിമന്ദിരത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചതോടെയാണ് അഗഗതിമന്ദിരം വാർത്തകളിൽ നിറഞ്ഞത്. ഗതിമന്ദിരത്തില്‍ ഇരുട്ടുമുറിയുണ്ടെന്നും ഇവിടെ അന്തേവാസികളെ മര്‍ദിക്കുന്നത് പതിവാണെന്നും ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി. 

കഴിഞ്ഞ ദിവസം മരണവിവം അറിഞ്ഞ് നിരവധിപേരാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ അഗതിമന്ദിരത്തിന് മുന്നില്‍ തടിച്ചുകൂടിയത്. പലദിവസവും രാത്രിയില്‍ നിലവിളികള്‍ കേള്‍ക്കാമെന്നും അന്തേവാസികളെ മര്‍ദിക്കാറുണ്ടെന്നുമാണ് അഗതിമന്ദിരത്തിന് സമീപത്ത് താമസിക്കുന്നവര്‍ ആരോപിച്ചത്. മോശപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ആഹാരം പാചകം നല്‍കിയിരുന്നതെന്നും പലപ്പോഴും മതിയായ ഭക്ഷണം പോലും അന്തേവാസികള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും അഗതിമന്ദിരത്തിലെ മുന്‍ ജീവനക്കാരിയും വ്യക്തമാക്കി. 

ബഹളംവെയ്ക്കുന്ന അന്തേവാസികളെ കുത്തിവെപ്പ് നല്‍കിയും മരുന്ന് നല്‍കിയും മയക്കികിടത്താറാണ് പതിവെന്നും അവര്‍ പറഞ്ഞു. രണ്ടുമാസത്തോളം ഇവിടെ ജോലിചെയ്തിരുന്ന ഇവരെ പിന്നീട് പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. 

എന്നാൽ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് പുതുജീവന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ വി.സി.ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൃത്യമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നുവെന്നും കൊറോണ, എച്ച് 1 എന്‍ 1 തുടങ്ങിയ രോഗങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരണം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തീയതിയാണ് അഗതി മന്ദിരത്തിലെ ആദ്യമരണം സംഭവിക്കുന്നത്. മുക്കൂട്ടുതറ സ്വദേശിനിയായ ഷെറിന്‍(44) ആണ് അന്ന് മരണപ്പെട്ടത്. രാത്രിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആദ്യം  നിരീക്ഷണമുറിയിലേക്ക് മാറ്റി. എന്നാല്‍ തളര്‍ച്ച ബാധിച്ചതോടെ പുഷ്പഗിരി ആശുപത്രിയിലേക്കും തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. 

ഫെബ്രുവരി 24-ാം തീയതി നാലുപേരെ കൂടി സമാന രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രോഗികളുടെ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടര്‍ന്ന് മുപ്പത് പേരടങ്ങുന്ന ആരോഗ്യവകുപ്പിന്റെ സംഘം ആശുപത്രിയിലുള്ള രോഗികളെയും അഗതിമന്ദിരത്തിലെ അന്തേവാസികളെയും പരിശോധിച്ചു. ഇതിനിടെ തിരുവനന്തപുരം പേട്ട സ്വദേശിയായ ഗിരീഷ് തിരുവല്ലയിലെ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. 

തോട്ടക്കാട് സ്വദേശിയായ യോഹന്നാനാണ്(21) ശനിയാഴ്ച രാവിലെ മരിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികമായ വിവരം. അഗതിമന്ദിരത്തിലെ ആറുപേര്‍ കൂടി ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.