കേരളത്തിൽ പ്രതിദിനം കാണാതാകുന്നത് ശരാശരി മൂന്നു കുട്ടികളെ

single-img
29 February 2020

സംസ്ഥാന പൊലീസിൻ്റെ കണക്കിൽ കേരളത്തില്‍ പ്രതിദിനം ശരാശരി മൂന്നു കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്. മംഗളമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കാണാതാകുന്നതിൽ മിക്കവരെയും പിന്നീടു കണ്ടെത്തുന്നതിനാലാണ് ഈ അപകടകരമായ അവസ്ഥ സമൂഹശ്രദ്ധയില്‍ പതിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  

കേരളത്തിന്റെ കണ്ണുനീര്‍ത്തുള്ളിയായി മാറിയ കൊല്ലം പള്ളിമണിലെ ദേവനന്ദയ്ക്കു പുറമേ കഴിഞ്ഞ വ്യാഴാഴ്ച മാത്രം കേരളത്തില്‍നിന്നു കാണാതായതു മൂന്നു കുട്ടികളെയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍നിന്നു രണ്ടു കുട്ടികളെയും തിരുവനന്തപുരത്തുനിന്ന് ഒരാളെയുമാണു കാണാതായത്. ദേവനന്ദ സംഭവത്തോടെ ഈ കുട്ടികളുടെ തിരോധാനവും സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. തിരുവനന്തപുരത്തുനിന്നു കാണാതായ കുട്ടിയെ വ്യാഴാഴ്ച െവെകിട്ടും നിലമ്പൂരില്‍നിന്നു കാണാതായവരെ ഇന്നലെയും കണ്ടെത്തിയിരുന്നു. 

നിലമ്പൂരില്‍നിന്നു കാണാതായ രണ്ടു കുട്ടികളെ ഇന്നലെ തിരുവനന്തപുരം തമ്പാനൂരിലാണു കണ്ടെത്തിയത്. നിലമ്പൂര്‍ എരഞ്ഞിമങ്ങാട്ടെ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഇവരെ കാണാനില്ലെന്നു വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്, റെയില്‍വേ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മറ്റൊരു പ്രധാന  വസ്തുത സാമൂഹികമാധ്യമങ്ങളുടെ ഇടപെടലാണ്. സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കപ്പെട്ടതും അന്വേഷണത്തിനു സഹായകമായതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയ ഇരുവരെയും റെയില്‍വേ പോലീസ് ചെെല്‍ഡ് ലെെനിനു കെെമാറി. 

ഇതിനിടെ തിരുവനന്തപുരം കമലേശ്വരത്തുനിന്നു വ്യാഴാഴ്ച കാണാതായ മറ്റൊരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ രാത്രി പത്തോടെ ചിറയില്‍കീഴില്‍ കണ്ടെത്തി. അമ്മയോടു പിണങ്ങി, കായംകുളത്തുള്ള അമ്മവീട്ടിലേക്ക് ഒറ്റയ്ക്കു സെെക്കിളില്‍ പുറപ്പെട്ടതായിരുന്നു ആ കുട്ടി. യാത്രയ്ക്കിടെ ഫോണ്‍ വിളിക്കാന്‍ ഒരു കടയില്‍ കയറുകയും സംശയം തോന്നിയ കടയുടമ ഫോണ്‍ നമ്പര്‍ വാങ്ങി വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. രാത്രി പത്തോടെ വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 

സംസ്ഥാനത്തു കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വന്‍വര്‍ധനവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  2010-15 കാലയളവില്‍ 20,000 കുട്ടികളെ കേരളത്തില്‍നിന്നു കാണാതായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാൽ 2017-ല്‍ 100 കുട്ടികളെയാണു കാണാതായതെങ്കില്‍ 2018-ല്‍ ഇത് 205 ആയി. 2016 മേയ് മുതല്‍ 2019 വരെ 578 കുട്ടികളെയാണു കാണാതായത്. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കോഴിക്കോട് ജില്ലയാണു മുന്നില്‍- മൂന്നുവര്‍ഷത്തിനിടെ 84. തിരുവനന്തപുരം-74, എറണാകുളം-73, ആലപ്പുഴ-59, പാലക്കാട്-45, തൃശൂര്‍-42, കോട്ടയം-38, കൊല്ലം-35, വയനാട്-32, കാസര്‍ഗോഡ്-24, മലപ്പുറം-22, കണ്ണൂര്‍-21, ഇടുക്കി-18, പത്തനംതിട്ട-എട്ട്. റെയില്‍വേ പോലീസ് മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊലീസ് പറയുന്നു. 

രാജ്യത്താകെ ഓരോ എട്ട് മിനിട്ടിലും ഒരു കുട്ടിയെ കാണാതാകുന്നു. കുട്ടികളെ തിരിച്ചുകിട്ടുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ കുറവാണ്. എന്നാല്‍, കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60% പേരെയും കണ്ടെത്താറുണ്ട്. 9-17 പ്രായമുള്ള പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.