എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്?: അരവിന്ദ് കെജ്രിവാളിനോട് അനുരാഗ് കശ്യപ്

single-img
29 February 2020

രാജ്യദ്രോഹക്കേസിൽ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് താങ്കൾക്ക് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് കശ്യപ്  ട്വീറ്റ് ചെയ്തത്. വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി സര്‍ക്കാരിൻ്റെ തീരുമാനത്തോടുള്ള കനയ്യകുമാറിൻ്റെ പ്രതികരണം കൂടി ഉള്‍പ്പെടുത്തിയായിരുന്നു അനുരാഗിന്റെ ട്വീറ്റ്.

‘മഹാനായ അരവിന്ദ് കെജ്‌രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധികപ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസ്സമില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. വ്യാപക വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 

ദല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു.