ലെെംഗിക ചൂഷണത്തോടൊപ്പം സാമ്പത്തിക ചൂഷണവും: ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെയും കാമുകൻ നിധിൻ്റെയും നിർണ്ണായക സിസി ടിവി ദൃശ്യങ്ങൾ പൊലീസിന്

single-img
28 February 2020

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ്റെ പങ്ക് വ്യക്തമായെന്നു വെളിപ്പെടുത്തി പൊലീസ്. പ്രതി ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  സാഹചര്യത്തെളിവുകളും ഇയാൾക്കെതിരാണെന്ന് ഡിവൈഎസ്പി പി പി സദാനന്ദൻ പറഞ്ഞു. 

കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെച്ച് നിധിനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമമാണ് ശരണ്യ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശരണ്യ ഏറെക്കാലമായി കാമുകനായ നിധിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ലൈംഗിക ചൂഷണത്തിനു പുറമെ നിധിൻ സാമ്പത്തികമായും ശരണ്യയെ ചൂഷണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ശരണ്യയുടെ വീടിനുസമീപത്തെ സഹകരണബാങ്കിൽനിന്ന്‌ ശരണ്യയുടെ പേരിൽ ഒരുലക്ഷം രൂപ വായ്പയെടുപ്പിക്കാനുള്ള ശ്രമം നിധിൻ നടന്നത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിൻ്റെ രേഖകൾ നിധിന്റെ വീട്ടിൽനിന്ന്‌ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശരണ്യയുടെ ബ്രേസ്‌ലെറ്റുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ നിധിൻ സ്വന്തമാക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

കുട്ടിയുടെ കൊലപാതകം നടന്നതിന്റെ തലേദിവസം പുലർച്ചെ ഒന്നരമണിക്ക് നിധിൻ ശരണ്യയുടെ വീട്ടിലെത്തിയതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ടൗണിലെ ഒരു ബാങ്കിന്റെ കൗണ്ടറിനുസമീപം ഒന്നരമണിക്കൂറോളം സമയം ശരണ്യയും നിധിനും സംസാരിച്ചതിൻ്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്നുദിവസത്തോളംനീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് ശരണ്യയുടെ കാമുകനായ വാരം വലിയന്നൂർ പുനയ്ക്കൽ നിധിനെ (28) അറസ്റ്റു ചെയ്യുവാനുള്ള തീരുമാനം പൊലീസ് കെെക്കൊണ്ടത്.