ശരണ്യയെ കൊണ്ട് ഭീമമായ തുക ബാങ്ക് വായ്പ എടുപ്പിക്കുക, ആ പണം കൊണ്ട് പുതിയ കാമുകിക്കൊപ്പം ജീവിക്കുക: ശരണ്യയുടെ കാമുകൻ നിധിൻ്റെ പദ്ധതിയിങ്ങനെ

single-img
28 February 2020

കണ്ണൂരിൽ ഒന്നര വയസ്സുകാരനെ മാതാവ് പാറക്കെട്ടില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ കൊലപാതകം നടന്നതിൻ്റെ  തലേദിവസം ശരണ്യയും കാമുകൻ നിധിനുമായി വഴക്കുണ്ടായെന്ന് ശരണ്യ. നിധിൻ്റെ പുതിയ കാമുകിയെ ചൊല്ലിയായിരുന്നു വഴക്ക്. കുഞ്ഞുള്ളതാണ് തന്നെ സ്വീകരിക്കാന്‍ തടസ്സമായി നിധിന്‍ പറഞ്ഞതെന്നും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ജീവിച്ചിരുന്നതെന്നും ഇരുവര്‍ക്കും ഒന്നിക്കാന്‍ തടസ്സമായി നിന്ന ഏക കാര്യം കുഞ്ഞായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. 

ശരണ്യയെ ലെെംഗികപരമായും സാമ്പത്തികപരമായും നിധിൻ ചൂഷണം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ശരണ്യയെ കൊണ്ടു ഭീമമായ ഒരു തുക ബാങ്ക് വായ്പ എടുപ്പിച്ച് അതുമായി മുങ്ങി കാമുകിയോടൊത്ത് ജീവിക്കാനായിരുന്നു നിധിൻ്റെ പദ്ധതി. വായ്പയെടുപ്പിക്കാനായി പൂരിപ്പിച്ച അപേക്ഷ ഫോറമും മറ്റു രേഖകകളും ശരണ്യയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിധിന്റെ മറ്റൊരു ബന്ധം അറിഞ്ഞ ശരണ്യ നിധിനുമായി കൊലപാതകം നടക്കുന്നതിന്റെ തലേന്ന് തര്‍ക്കമുണ്ടാക്കിയിരുന്നു

ഉച്ചയ്ക്ക് നഗരത്തിലെ ഒരു ബാങ്കിന്റെ സമീപത്തു വച്ചാണ് തർക്കം നടന്നതെന്ന് തെിളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. കുട്ടിയുള്ളതിനാലാണ് സ്വീകരിക്കാന്‍ തടസ്സമെന്ന് നിധിന്‍ പറഞ്ഞതായിട്ടാണ് ശരണ്യയുടെ മൊഴി. ഇരുവരും തമ്മില്‍ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണിലും വാട്‌സ്ആപ്പിലും ശരണ്യയും നിധിനും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കിയാല്‍ തന്നെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് നിധിന്‍ പലവട്ടം പറഞ്ഞിരുന്നു. ശരണ്യയുടെ ഭര്‍ത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ നിധിനും ശരണ്യയും അടുപ്പത്തിലായിരുന്നു. രാത്രിയും പകലും നിധിന്‍ ശരണ്യയുടെ അടുത്ത് എത്തുകയും പലപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായും പൊലീസ് പറയുന്നു.