അഡ്വ. സുറൂർ മന്ദർ: ഏവരും കെെയൊഴിഞ്ഞ ഡൽഹിയിലെ ജീവനുകൾക്കു വേണ്ടി അവതരിച്ച ദെെവം

single-img
27 February 2020

വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിൻ്റെ സ്ഥലംമാറ്റ ഉത്തരവിനെതിരെ പ്രതിഷേധങ്ങൾ പുകയുകയാണ്. ഡൽഹി കലാപ കേസ് പരിഗണിക്കവെ അസാധാരണ നടപടികളാണ് ഡൽഹി ഹൈക്കോടതിയിൽ ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനെതരിെ രൂക്ഷവിമര്‍ശനമാണ് ഇന്നലെ ജസ്റ്റിസ് മുരളീധര്‍ നടത്തിയത്. 

ഡൽഹിയിലെ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച്ച അർദ്ധരാത്രി ഹൈക്കോടതി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാൻ പൊലീസിന് കോടതി ഉത്തരവും നല്കിയിരുന്നു.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപിനേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ സംഭവ വികാസങ്ങൾക്കിടയിലാണ് അഡ്വ. സുറൂർ മന്ദറിൻ്റെ പേര് ഉയർന്നുവരുന്നത്. 

കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഡൽഹി ഹൈക്കോടതിയെ വിളിച്ചുണർത്തി ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ അടിയന്തര സിറ്റിംഗ് നടത്തി വിധി വാങ്ങിച്ചത് അഡ്വ. സുറൂർ മന്ദറിനായിരുന്നു. ജസ്റ്റിസ് മുരളീധരന്റേയും ജസ്റ്റിസ് എ ജെ ബംബാനിയുടേയും ബെഞ്ച് രാത്രി പന്ത്രണ്ടര മണിക്കാണ് അടിയന്തര സിറ്റിംഗ് നടത്തി ചരിത്രത്തിൽ ഇടം നേടിയത്. 

മുസ്തഫാബാദിലെ ചെറിയ ആശുപത്രിയായ അൽ ഹിന്ദ് ഹോസ്പിറ്റലിൽ കലാപത്തിൽ പരിക്കേറ്റ നിരവധി പേർ ആവശ്യത്തിന് വെെദ്യസഹായം അഭ്യർത്ഥിച്ച് ചികിത്സയിലായിരുന്നു. ഈ ആശുപത്രിയിൽ വിദഗ്ദ ചികിത്സക്ക് സൗകര്യമുണ്ടായിരുന്നില്ല. കൂടുതൽ പരിക്കുപറ്റിയവരെ അടിയന്തരമായി വലിയ ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. 

പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോകാനാകാത്ത അവസ്ഥ. ആംബുലൻസിനു പോലും പോകാനാകാതെ വഴികൾ ബ്ലോക്ക് ചെയ്ത് കലാപകാരികളും അവരോടൊപ്പം പോലീസും വീഥികൾ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഇരുപത്തിയഞ്ചിലധികം രോഗികളിൽ  രണ്ട് പേർ അതിനോടകം തന്നെ മരിച്ചു കഴിഞ്ഞു. 

ഈ സമയത്തായിരുന്നു അഡ്വ. സുറൂർ മന്ദർ നീതിനിർവ്വഹണ സംവിധാനത്തോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. അർദ്ധരാത്രി തന്നെ ജസ്റ്റിസുമാരെ വിളിച്ചുണർത്തി സ്ഥിതിഗതികളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കുകയായിരുന്നു അവർ. ഗൗരവകരമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ  രാത്രി പന്ത്രണ്ട് മുപ്പതിന് ജസ്റ്റിസ് മുരളീധറിൻ്റെ വസതിയിൽ തന്നെ സിറ്റിംഗ് ആരംഭിക്കുകയായിരുന്നു. 

അൽഹിന്ദ് ആശുപത്രിയിലെ ഡോക്റ്റർമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയ മുരളീധർ അടിയന്തിരമായിത്തന്നെ ആംബുലൻസുകൾ എത്തിക്കാനും ഉടനെ രോഗികളെ വിദഗ്ദ ചികിത്സക്കായി കൊണ്ട് പോകാനും ഡൽഹി പോലീസിനോട് ഉത്തരവിട്ടു. പോലീസ് എത്തി അവരെ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സിറ്റിംഗ് അവസാനിച്ചത്. 

കൃത്യമായ ഇടപെടലോടെ പ്രശ്നങ്ങളിൽ ഇടപെട്ട് ബാധിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയ അഡ്വ. സുറൂർ മന്ദറിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങൾ നിയുകയാണ്. എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നോ എന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും, അവർക്ക് വേണ്ടി ശബ്ദിക്കും, ഇടപെടും- ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്നു. ലോകത്തിന്റെ പ്രതീക്ഷ നിലനിൽക്കുന്നത് അത്തരം മനുഷ്യരിലാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.