ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടു എന്നതിനുള്ള തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
27 February 2020

വിദ്വെഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടി രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടു എന്നതിനുള്ള തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും മറ്റുസ്ഥാപനങ്ങളും കാവിവത്ക്കരിച്ചതിന് പിന്നാലെയാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ജുഡീഷ്യറിയെ നിശബ്ദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയെ പ്രശംസകൊണ്ടു പൊതിഞ്ഞ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലുള്ളവരുടെ നടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ നെഞ്ചിടിപ്പോടെയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഫാസിസ്റ്റ് നടപടികളെ നോക്കികാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൽഹി കലാപത്താൽ വിറങ്ങലിച്ചപ്പോൾ അവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ജുഡീഷ്യറി മാത്രമാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി സമയത്തും ജസ്റ്റിസ് മുളീധറിന്റെ വീട്ടില്‍ കോടതി ചേര്‍ന്ന് ഉത്തരവുകള്‍ ഇറക്കി. ഇത്തരത്തിലുള്ള ജുഡീഷ്യറിയെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഷഹീന്‍ബാഗിലെ സമരക്കാരെ പോലീസ് മര്‍ദ്ദിച്ചൊതുക്കിയതിനെ മാതൃകയാക്കിയാണ് ഡല്‍ഹി കലാപത്തിനിടയില്‍ സംഘപരിവാര്‍ ശക്തികള്‍ അഴിഞ്ഞാടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.