അധ്യക്ഷനും ഉദ്ഘാടകനും കെ ബാബു: അതുമാത്രമാക്കേണ്ട, പ്രാർത്ഥനയും കൂടെ ചൊല്ലിക്കൊള്ളാൻ ഒരു വിഭാഗം കോൺഗ്രസുകാർ

single-img
27 February 2020

കോണ്‍ഗ്രസ് യോഗത്തില്‍ അധ്യക്ഷനായും ഉദ്ഘാടകനായും മുന്‍ മന്ത്രി കെ ബാബുവിനെ തീരുമാനിച്ചതിൻ്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കെയാങ്കളി.  യോഗത്തിൽ ഉന്തും തള്ളുമുണ്ടായതോടെ ഒരു വിഭാഗം %രവർത്തകർ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് പാർട്ടിയുടെ രണ്ട് പരിപാടികളില്‍ ബാബുവിനെ അധ്യക്ഷനായും ഉദ്ഘാടകനായും തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. 

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോണ്‍ഗ്രസ് കുമ്പളം കമ്മിറ്റി മാര്‍ച്ച് ഒന്നിന് നടത്തുന്ന ഭരണഘടനസംരക്ഷണ റാലിയുടെ ഉദ്ഘാടകനായി കെ ബാബുവിനെ തീരുമാനിച്ചിരുന്നു. അന്നുതന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമ്മേളനത്തിൻ്റെ അധ്യക്ഷനായും ബാബുവിനെതന്നെ തീരുമാനിച്ചു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഐ വിഭാഗം പ്രശ്നമുണ്ടാക്കിയത്. 

യോഗത്തിൽ എല്ലാ സ്ഥാനവും വഹിക്കുകയാണെങ്കിൽ ഈശ്വരപ്രാര്‍ത്ഥനയും ബാബുതന്നെ ചൊല്ലിക്കൊട്ടെ എന്നാണ് പ്രവർത്തകരിൽ ഒരു വിഭാഗം പറഞ്ഞത്. മണ്ഡലം കമ്മിറ്റിയുടെ പരിപാടികളില്‍ മണ്ഡലം പ്രസിഡൻ്റാണ് അധ്യക്ഷനാകേണ്ടത്. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിയില്‍പോലും അധ്യക്ഷനാകണമെന്ന ബാബുവിന്റെ രീതി ശരിയല്ലെന്നും അവർ പറഞ്ഞു. 

മണ്ഡലം കമ്മിറ്റിയുടെ പരിപാടിയില്‍ ബാബുവിനെ അധ്യക്ഷനായി തീരുമാനിച്ചത്  തെറ്റായിപ്പോയെന്ന് പിന്നീട് പ്രസിഡൻ്റ് തന്നെ സമ്മതിച്ചു. എങ്കില്‍ നോട്ടീസില്‍ കെ ബാബുവിന്റെ പേരുമാറ്റിയടിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാല്‍ അത് പറ്റില്ലെന്ന് പ്രസിഡൻ്റ് പറഞ്ഞതോടെ വീണ്ടും ബഹളമായി. 

തുടർന്ന് എ, ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാടാ, പോടാ വിളിയോടെ കയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ യോഗം ബഹിഷ്കരിച്ച് ഹാളിൽ നിന്നും ഇറങ്ങിപ്പോയി.